പ്രളയത്തില്‍ മുങ്ങി കാസിരംഗ, 85 ശതമാനം പ്രദേശവും വെളളത്തിന്റെ അടിയില്‍, നൂറിലധികം മൃഗങ്ങള്‍ ചത്തു (വീഡിയോ)

വെളളപ്പൊക്ക കെടുതി നേരിടുന്ന അസമിലെ പ്രമുഖ ദേശീയ പാര്‍ക്കായ കാസിരംഗയുടെ ഭൂരിഭാഗം പ്രദേശങ്ങളും വെളളത്തിന്റെ അടിയില്‍
പ്രളയത്തില്‍ മുങ്ങി കാസിരംഗ, 85 ശതമാനം പ്രദേശവും വെളളത്തിന്റെ അടിയില്‍, നൂറിലധികം മൃഗങ്ങള്‍ ചത്തു (വീഡിയോ)

ദിസ്പൂര്‍: വെളളപ്പൊക്ക കെടുതി നേരിടുന്ന അസമിലെ പ്രമുഖ ദേശീയ പാര്‍ക്കായ കാസിരംഗയുടെ ഭൂരിഭാഗം പ്രദേശങ്ങളും വെളളത്തിന്റെ അടിയില്‍. 85 ശതമാനം പ്രദേശങ്ങളും വെളളത്തിന്റെ അടിയിലായതോടെ, വന്യമൃഗങ്ങള്‍ ദുരിതത്തിലാണ്. നൂറിലധികം മൃഗങ്ങള്‍ക്ക് ഇതിനോടകം ജീവന്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ കണ്ടാമൃഗങ്ങളും ഉള്‍പ്പെടും. കണ്ടാമൃഗങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് ദേശീയ പാര്‍ക്ക് ആരംഭിച്ചത്.

മണ്‍സൂണ്‍ മഴ കനത്ത നാശമാണ് അസമില്‍ വിതച്ചത്. ലക്ഷകണക്കിന് ആളുകളാണ് ദുരിതം അനുഭവിക്കുന്നത്. കോവിഡ് വ്യാപനത്തിനിടെ വെളളപ്പൊക്കവും സംഭവിച്ചത് അസമിനെ പ്രതിസന്ധിയിലാക്കി. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാളിനെ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രധാനമന്ത്രി എല്ലാ വിധ സഹായ സഹകരണങ്ങളും അസം സര്‍ക്കാരിന് ഉറപ്പുനല്‍കി.

കാസിരംഗയിലെ മറ്റു മൃഗങ്ങളെ രക്ഷിക്കുന്നതിനായി കൃത്രിമമായി ഉയര്‍ന്ന പ്രദേശം നിര്‍മ്മിക്കാനുളള നീക്കത്തിലാണ് അസം സര്‍ക്കാര്‍. 32 കിലോമീറ്റര്‍ വരുന്ന ഉയര്‍ന്ന പ്രദേശം നിര്‍മ്മിക്കുകയാണ് ലക്ഷ്യം. ഇതുവരെ 130 വന്യമൃഗങ്ങളെ രക്ഷിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

അതേസമയം അസമില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടു വരികയാണ്. വിവിധ ജില്ലകളില്‍ വെളളപ്പൊക്കത്തില്‍ അഞ്ചുപേരാണ് ഇന്നലെ മരിച്ചത്. ഇതോടെ മരണസംഖ്യ 84 ആയി ഉയര്‍ന്നു. 25 ലക്ഷം ജനങ്ങളാണ് കെടുതി നേരിടുന്നത്. 33 ജില്ലകളിലെ 24 ഉം വെളളപ്പൊക്ക ബാധിത പ്രദേശങ്ങളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com