മണം പിടിച്ച് 12 കിലോമീറ്റര്‍ നിര്‍ത്താതെ ഓടി പൊലീസ് നായ, നിന്നത് പ്രതിയുടെ വീടിന് മുന്‍പില്‍; കൊലപാതകക്കേസ് 'തെളിയിച്ച്' തുംഗ 

കര്‍ണാടകയില്‍ കൊലപാതകക്കേസ് തെളിയിക്കുന്നതില്‍ നിര്‍ണായകമായി പൊലീസ് നായ
മണം പിടിച്ച് 12 കിലോമീറ്റര്‍ നിര്‍ത്താതെ ഓടി പൊലീസ് നായ, നിന്നത് പ്രതിയുടെ വീടിന് മുന്‍പില്‍; കൊലപാതകക്കേസ് 'തെളിയിച്ച്' തുംഗ 

ബംഗളൂരു: കര്‍ണാടകയില്‍ കൊലപാതകക്കേസ് തെളിയിക്കുന്നതില്‍ നിര്‍ണായകമായി പൊലീസ് നായ. സംഭവസ്ഥലത്ത് നിന്ന് മണം പിടിച്ച് പൊലീസ് നായ നിര്‍ത്താതെ ഓടിയത് 12 കിലോമീറ്റര്‍. ടോബര്‍മാന്‍ ഇനത്തില്‍പ്പെട്ട ഒന്‍പത് വയസുളള തുംഗ ഓട്ടം നിര്‍ത്തിയത്  പ്രതി താമസിക്കുന്ന വീടിന് മുന്‍പില്‍. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു.

ബംഗളൂരുവില്‍ നിന്ന് 260 കിലോമീറ്റര്‍ അകലെയുളള ദാവന്‍ഗരെയിലാണ് സംഭവം. ചന്ദ്രാ നായക്കിന്റെ കൊലപാതകത്തിലും കവര്‍ച്ചാക്കേസിലും തുമ്പു തേടിയാണ് പൊലീസ് നായയെ സംഭവസ്ഥലത്തേക്ക് കൊണ്ടുവന്നത്. സാധാരണയായി പൊലീസ് നായ മണംപിടിച്ച് അഞ്ചു കിലോമീറ്റര്‍ ദൂരം വരെ മാത്രമേ പിന്തുടര്‍ന്ന് ഓടാറുളളൂ. എന്നാല്‍ തുംഗ 12 കിലോമീറ്റര്‍ ദൂരം ഓടിയ ശേഷമാണ് നിന്നതെന്ന് പൊലീസ് പറയുന്നു. അതും പ്രതി താത്കാലികമായി താമസിക്കുന്ന വീടിന്റെ മുന്‍പിലാണ് പൊലീസ് നായ നിന്നത്.

ചന്ദ്രാ നായക്കിന്റെ കൂട്ടുകാരനായ ചേതനാണ് കൊലപാതകം നടത്തിയത്. കൊളളയടിച്ച സ്വര്‍ണാഭരണങ്ങള്‍ പങ്കുവെയ്ക്കുന്നതിനെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. 25 വയസ്സുളള പ്രതിക്ക് ഒപ്പം രണ്ട് കൂട്ടാളികളും പിടിയിലായി.

കഴിഞ്ഞ ദിവസം രാത്രിയാണ് കൊലപാതകം നടന്ന സ്ഥലത്ത് പൊലീസ് നായയെ എത്തിച്ചത്. രാത്രി 9.30ന് മണം പിടിച്ച് ഓടാന്‍ തുടങ്ങിയ തുംഗ 12 കിലോമീറ്റര്‍ അകലെയുളള കാശിപൂരിലാണ് നിന്നത്.ബന്ധുക്കളൊടൊപ്പം പ്രതി താമസിക്കുന്ന  വീടിന് മുന്‍പിലാണ് പൊലീസ് നായ കുരച്ചു കൊണ്ട് ഓട്ടം നിര്‍ത്തിയത്. ഏകദേശം 12.30 വരെയാണ് നായ ഓടിയത്. തുടര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com