രാമരാജ്യം വാ​ഗ്ദാനം ചെയ്തു, നൽകിയത് ​ഗുണ്ടാരാജ്; യോ​ഗി ആദിത്യനാഥിനെതിരെ രാഹുൽ ​ഗാന്ധി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ രൂക്ഷമായി വിമർശിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി
രാമരാജ്യം വാ​ഗ്ദാനം ചെയ്തു, നൽകിയത് ​ഗുണ്ടാരാജ്; യോ​ഗി ആദിത്യനാഥിനെതിരെ രാഹുൽ ​ഗാന്ധി

ന്യൂഡൽ​ഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനെ രൂക്ഷമായി വിമർശിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ​ഗാന്ധി.ഗാസിയാബാദിൽ മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാണ് രാഹുലിന്റെ വിമർശനം. ഉത്തർപ്രദേശിൽ ​ഗുണ്ടാരാജാണ് നടക്കുന്നത്. രാമരാജ്യമാണ് യോ​ഗി ആ​ദിത്യനാഥ് സർക്കാർ വാ​ഗ്ദാനം ചെയ്തത്, എന്നാൽ നൽകിയത് ​ഗുണ്ടാരാജാണ് എന്ന് രാഹുൽ ട്വീറ്റ് ചെയ്തു. 

തിങ്കളാഴ്ച രാത്രി ഗാസിയാബാദിലെ വിജയ്‌നഗറില്‍വെച്ചാണ് മാധ്യമപ്രവര്‍ത്തകന് വെടിയേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച മരിച്ചു.  പെൺമക്കൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു വിക്രം ജോഷി. ഇതിനിടെ  കാറിലെത്തിയ സംഘം ഇവരെ തടഞ്ഞു. തുടർന്ന് വാഹനം മറിച്ചിട്ട ആക്രമി സംഘം വിക്രമിനെ മർദ്ദിച്ചു. തുടർന്ന്  കാറിനോട് ചേർത്ത് വച്ച് തലയ്ക്ക് വെടിവച്ചു. നടുറോഡിൽ മറ്റുള്ളവർ നോക്കി നിൽക്കെയായിരുന്നു ആക്രമണം. പരിക്കേറ്റു കിടക്കുന്ന പിതാവിനെ ആശുപത്രിയിലെത്തിക്കാൻ പെണ്‍കുട്ടികൾ  സഹായം അഭ്യര്‍ത്ഥിക്കുന്നതിന്റെ അടക്കമുള്ള ദൃശ്യങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. 

തന്റെ ബന്ധുവായ പെൺകുട്ടിയെ അപമാനിച്ച പ്രതികൾക്കെതിരെ വിക്രം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പരാതി ലഭിച്ചിട്ടും പൊലീസ്  കേസ് എടുത്തിരുന്നില്ല. ആക്രമണത്തിൽ പ്രതിഷേധം ഉയർന്നതോടെ പരാതിയിൽ നടപടി സ്വീകരിക്കാത്തതിന് രണ്ട് പൊലീസുകാരെ സസ്പെന്റ് ചെയ്തിരുന്നു. വിക്രം ജോഷിയെ ആക്രമിച്ച സംഭവത്തിൽ ഒമ്പത് പേരെ യുപി പൊലീസ് പിടികൂടിയിട്ടുണ്ട്. ആക്രമണത്തിന് ഗൂഢാലോചന നടത്തിയവർ ഉൾപ്പടെ ഒമ്പത് പേരാണ് ഇതുവരെ പിടിയിലായത്. എന്നാൽ മുഖ്യപ്രതി ഇപ്പോഴും ഒളിവിലാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com