മുംബൈ: ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിച്ച യാത്രക്കാരന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇറങ്ങുന്നതിനിടെ കാല്‍തെറ്റി വീണ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥനാണ് രക്ഷിച്ചത്. ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങിപ്പോകുന്നതിന് മുന്‍പ് യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥന് വലിച്ച് കയറ്റുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
മുംബൈയിലെ കല്യാണ്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലൂടെ കടന്നുപോകുകയാണ് ട്രെയിന്‍. ഈ സമയത്ത് ട്രെയിനില്‍ നിന്ന് ചാടിയ യാത്രക്കാരന് നിയന്ത്രണം വിട്ട് വീഴുകയായിരുന്നു. ട്രെയിന്‍ ഓടുന്നതിന്റെ എതിര്‍ദിശയിലാണ് യാത്രക്കാരന് ചാടിയത്. നിയന്ത്രണം വിട്ട് യാത്രക്കാരന് വീഴുന്നത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന് രക്ഷയ്ക്ക് എത്തുകയായിരുന്നു.
ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങിപ്പോകുന്നതിന് മുന്‍പ് വലിച്ചു കയറ്റുകയായിരുന്നു. 52 വയസുളള യാത്രക്കാരന് വീഴുന്നതിനിടെ അതേ ബോഗിയില്‍ നിന്ന് തന്നെ ചാടാന്‍ ശ്രമിച്ച മറ്റൊരു യാത്രക്കാരനും നിയന്ത്രണം നഷ്ടപ്പെട്ട് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ