മൂന്ന് ദിവസം കാത്ത് നിന്നിട്ടും ട്രെയിനില്‍ ടിക്കറ്റില്ല; നേരെ ബാങ്കില്‍ പോയി സമ്പാദ്യം മുഴുവനുമെടുത്തു; സ്വന്തമായി കാര്‍ വാങ്ങി നാട്ടിലേക്ക്

മൂന്ന് ദിവസം കാത്ത് നിന്നിട്ടും ട്രെയിനില്‍ ടിക്കറ്റില്ല; നേരെ ബാങ്കില്‍ പോയി സമ്പാദ്യം മുഴുവനുമെടുത്തു; സ്വന്തമായി കാര്‍ വാങ്ങി നാട്ടിലേക്ക്
മൂന്ന് ദിവസം കാത്ത് നിന്നിട്ടും ട്രെയിനില്‍ ടിക്കറ്റില്ല; നേരെ ബാങ്കില്‍ പോയി സമ്പാദ്യം മുഴുവനുമെടുത്തു; സ്വന്തമായി കാര്‍ വാങ്ങി നാട്ടിലേക്ക്

ലഖ്‌നൗ: ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും കുടിയേറ്റ തൊഴിലാളികളുടെ സ്വന്തം വീടുകളിലേക്കുള്ള മടക്കം സംബന്ധിച്ച് രാജ്യത്ത് പല സ്ഥലത്തും ആശയക്കുഴപ്പങ്ങളും അനിശ്ചിതത്വവും ഇപ്പോഴും തുടരുകയാണ്. അത്തരത്തില്‍ അനിശ്ചിതത്വത്തിലായ പെയിന്റിങ് തൊഴിലാളി ട്രെയിനും ബസുമൊന്നും കിട്ടാതെ വന്നപ്പോള്‍ കുടുംബവുമൊത്ത് നാട്ടിലേക്ക് മടങ്ങാന്‍ ഒരു കാര്‍ തന്നെ വാങ്ങി. ഉത്തര്‍പ്രദേശിലാണ് സംഭവം. ഗാസിയാബാദില്‍ നിന്ന് ഗോരഖ്പുരിലേക്ക് ട്രെയിനും ബസുമൊന്നും കിട്ടാതെ വന്നപ്പോഴാണ് പെയിന്റിങ് തൊഴിലാളി അറ്റകൈക്ക് കാര്‍ വാങ്ങിയത്. 

ഗാസിയാബാദ് എന്‍സിആര്‍ സിറ്റിയിലെ പെയിന്റിങ് തൊഴിലാളിയായ ലാല്ലനാണ് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങി നാട്ടിലേക്ക് മടങ്ങിയത്. ഗോരഖ്പുര്‍ ജില്ലയില്‍ പിപി ഗന്‍ജിലുള്ള കൈതൊലിയ ഗ്രാമത്തിലാണ് ലാല്ലന്റെ വീട്. ട്രെയിനിലും ബസിലും സീറ്റ് കിട്ടാതെ വന്നതോടെയാണ് ലാല്ലന്‍ കാര്‍ വാങ്ങിയത്. അധ്വാനിച്ചുണ്ടാക്കിയ 1.9 ലക്ഷം രൂപ ബാങ്കില്‍ സൂക്ഷിച്ചിരുന്നു. ഇതില്‍ നിന്ന് ഒന്നര ലക്ഷം രൂപ എടുത്താണ് ലാല്ലന്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ സ്വന്തമായി വാങ്ങിയത്. 

നാട്ടിലേക്ക് മടങ്ങാനായി ദിവസങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ചിരുന്നതായി ലാല്ലന്‍ പറയുന്നു. 'സാധാരണ പോലെ മടങ്ങാമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ലോക്ക്ഡൗണ്‍ നീട്ടിയതോടെ സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതാണ് എനിക്കും കുടുംബത്തിനും സുരക്ഷിതമെന്ന് ചിന്തിച്ചു. അങ്ങനെ ബസിലും ട്രെയിനിലും സീറ്റ് കിട്ടാനായി പല ശ്രമങ്ങളും നടത്തി. പക്ഷേ ഒന്നും നടന്നില്ല. ബസില്‍ ഒരു സാമൂഹിക അകലവും പാലിക്കപ്പെടാതെ യാത്ര ചെയ്യുന്നത് എനിക്കും കുടുംബത്തിനും ദോഷം ചെയ്യുമെന്ന് മനസിലാക്കി'. 

'പിന്നീട് ശ്രമിക് ട്രെയിനില്‍ യാത്ര ചെയ്യാന്‍ ശ്രമം നടത്തി. മൂന്ന് ദിവസത്തോളം ഗാസിയാബാദ് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നിട്ടും ട്രെയിനില്‍ സീറ്റൊന്നും കിട്ടിയില്ല. ഒടുവില്‍ കൈയിലുള്ള സമ്പാദ്യം കൊടുത്ത് കാര്‍ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ഇത്രയും കാലം ജോലി ചെയ്ത് ലഭിച്ച സമ്പാദ്യം നല്‍കിയാണ് ഈ സാഹസം ചെയ്യുന്നത് എന്ന് അറിയാം. പക്ഷേ എന്റെ കുടുംബത്തിന്റെ സുരക്ഷിതത്വമാണ് പ്രധാനം'- ലാല്ലന്‍ പറഞ്ഞു.

കാറുമായി മെയ് 29ന് യാത്ര തിരിച്ച ലാല്ലനും കുടുംബവും 14 മണിക്കൂര്‍ കാറോടിച്ച് ഒടുവില്‍ സ്വന്തം വീട്ടിലെത്തി. ഇനി ഗാസിയാബാദിലേക്ക് മടങ്ങുന്നില്ലെന്നും സ്വന്തം ഗ്രാമത്തില്‍ തന്നെ ജോലി ചെയ്ത് ജീവിക്കാനാണ് താത്പര്യമെന്നും ലാല്ലന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com