ഭക്ഷണമെന്ന് കരുതി സ്‌ഫോടകവസ്തു കടിച്ചു ; ആറു വയസ്സുകാരന് ദാരുണാന്ത്യം

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ അളഗരൈ ഗ്രാമത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പൊലീസ് പിടിയിലായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ : ഭക്ഷണമെന്ന് കരുതി സ്‌ഫോടകവസ്തു കടിച്ച ആറു വയസ്സുകാരന് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ അളഗരൈ ഗ്രാമത്തിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പൊലീസ് പിടിയിലായി.

കാവേരി നദിയില്‍ മീന്‍ പിടിക്കുന്നതിനായിട്ടാണ് പിടിയിലായ മൂന്നുപേരും ചേര്‍ന്ന് നാടന്‍ സ്‌ഫോടകവസ്തു നിര്‍മ്മിച്ചത്. ഇതില്‍ രണ്ടെണ്ണം ഉപയോഗിച്ച് മീന്‍ പിടിച്ചു. ശേഷിക്കുന്ന ഒരെണ്ണം ഇവരുടെ സുഹൃത്തായ ഭൂപതിയുടെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.

ഇതിനിടെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആറുവയസ്സുകാരനായ ബാലന്‍ ഇത് കാണുകയും, ഭക്ഷ്യവസ്തുവാണെന്ന് ധരിച്ച് കടിക്കുകയുമായിരുന്നു. സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ബാലന് ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലെത്തിക്കും മുമ്പു തന്നെ കുട്ടി മരിച്ചു.

സ്‌ഫോടക വസ്തു മൂലമുള്ള മരണമായതിനാല്‍ പുറത്തറിഞ്ഞാല്‍ കേസാകുമെന്ന് ഭൂപതിയും സുഹൃത്തുക്കളും ഭയന്നു. ഇവര്‍ രാത്രി തന്നെ രഹസ്യമായി കുട്ടിയുടെ മൃതദേഹം മറവുചെയ്തു. ഇതിനിടെ സംഭവത്തെപ്പറ്റി സൂചന കിട്ടിയ പൊലീസ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. തുടരന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com