കാമുകിമാരെ കാണാന്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് യുവാക്കള്‍ മുങ്ങി; തിരിച്ചെത്തിയത് മദ്യവും കഞ്ചാവുമായി; പിടിയില്‍

കാമുകിമാരെ കാണാന്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് യുവാക്കള്‍ മുങ്ങി; തിരിച്ചെത്തിയത് മദ്യവും കഞ്ചാവുമായി; പിടിയില്‍
കാമുകിമാരെ കാണാന്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് യുവാക്കള്‍ മുങ്ങി; തിരിച്ചെത്തിയത് മദ്യവും കഞ്ചാവുമായി; പിടിയില്‍

ഇംഫാല്‍: ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന രണ്ട് യുവാക്കള്‍ കാമുകിമാരെ കാണാനായി ചാടിപ്പോയി. ഇരുവരും ക്വാറന്റൈന്‍ കേന്ദ്രത്തില്‍ മടങ്ങിയെത്തിയത് മദ്യവും കഞ്ചാവും സിഗരറ്റുകളുമായി. സ്വന്തം ഇരുചക്ര വാഹനങ്ങളിലാണ് യുവാക്കള്‍ വീട്ടില്‍ നിന്ന് തിരികെയെത്തിയത്. മണിപ്പൂരിലാണ് സംഭവം.  

ക്വാറന്റൈന്‍ കേന്ദ്രത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് മദ്യവും കഞ്ചാവും സിഗററ്റും വിറ്റതിനെ തുടര്‍ന്ന് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് യുവാക്കള്‍ മുങ്ങിയ വിവരമറിഞ്ഞത്. യുവാക്കള്‍ പോകുന്ന വിവരമറിഞ്ഞ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞ മറ്റുള്ളവര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ മദ്യവും കഞ്ചാവും സിഗരറ്റുമെത്തിച്ചത്.  

തമെങ്‌ലോങ് ഡെപ്യൂട്ടി കമ്മീഷണര്‍ ആംസ്‌ട്രോങ് പാമെയാണ് വിവരം ഫെയ്‌സ്ബുക്കിലൂടെ പുറത്തു വിട്ടത്. താമെങ്‌ലോങ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് രണ്ട് യുവാക്കള്‍ കാമുകിമാരെ കാണാന്‍ പുറത്തു പോയതായും ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഒപ്പമുണ്ടായിരുന്ന ചിലര്‍ ആവശ്യപ്പെട്ടതനുസരിച്ച് എട്ട് ലിറ്ററോളം മദ്യവും നാല് പാക്കറ്റോളം സിഗരറ്റും കഞ്ചാവുമായി മടങ്ങിയെത്തിയതായും ഇവ വിതരണം ചെയ്യുന്നതിനിടെ അധികൃതര്‍ പിടികൂടിയതായും പാമെ പോസ്റ്റില്‍ കുറിച്ചു. 

ക്വാറന്റൈനില്‍ കഴിയുന്നവര്‍ അത് പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്നതും കാത്തിരിക്കുന്ന വീട്ടുകാരെ കുറിച്ചാലോചിച്ച് ലഹരിയുപയോഗിക്കാനുള്ള ആസക്തി നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലേയെന്ന് പാമെ കുറിപ്പില്‍ ചോദിക്കുന്നു. ഇത്തരത്തിലുള്ള ആള്‍ക്കാരെ കൈകാര്യം ചെയ്യേണ്ട വിധത്തെ കുറിച്ചുള്ള ആശങ്കയും പാമെ പങ്കു വെച്ചു. ജയിലുകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യമായതിനാല്‍ ഇവരെ ജയിലിലടക്കാനും സാധ്യമല്ല. പിഴയിട്ടാല്‍ മദ്യം വിറ്റു കിട്ടുന്ന ലാഭത്തില്‍ നിന്ന് അതടച്ച് രക്ഷപ്പെടുമെന്നും അദ്ദേഹം പറയുന്നു. 

ആയിരക്കണക്കിനാളുകളാണ് സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയതെന്നും അവര്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും മണിപ്പൂര്‍ സര്‍ക്കാര്‍ ഒരുക്കിയതായും പാമെ പറഞ്ഞു. ഗ്രാമീണരുള്‍പ്പെടെ പലരും സഹായവുമായി മുന്നോട്ടു വന്നിട്ടുണ്ട്. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കായി വോളണ്ടിയര്‍മാര്‍ രാപ്പകല്‍ സഹായം നല്‍കുന്നതിന് സന്നദ്ധരാണ്. ഈ സൗകര്യങ്ങളുണ്ടായിട്ടും ചിലര്‍ വിവേകമില്ലാതെ പെരുമാറുന്നത് ദുഃഖകരമാണെന്ന് അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com