രണ്ടു കുട്ടികളെ കൊന്നു, സഹോദരനെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ പിടിയില്‍ ; 'ഹിറ്റ് ലിസ്റ്റി'ല്‍ മൂന്നുപേര്‍ കൂടി ; സൈക്കോ കില്ലറുടെ വെളിപ്പെടുത്തലില്‍ ഞെട്ടി പൊലീസ്

കൊലപാതകത്തിന് കാരണം എന്താണെന്ന് ചോദിച്ച പൊലീസ്, സൈക്കോ കില്ലറുടെ മറുപടി കേട്ട് അമ്പരന്നു പോയി
രണ്ടു കുട്ടികളെ കൊന്നു, സഹോദരനെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ പിടിയില്‍ ; 'ഹിറ്റ് ലിസ്റ്റി'ല്‍ മൂന്നുപേര്‍ കൂടി ; സൈക്കോ കില്ലറുടെ വെളിപ്പെടുത്തലില്‍ ഞെട്ടി പൊലീസ്

ലഖ്‌നൗ: രണ്ടു കുട്ടികളെ കൊലപ്പെടുത്തി, സഹോദരനെ വധിക്കാന്‍ ശ്രമിക്കുന്നതിനിടെ സൈക്കോ കില്ലര്‍ പിടിയിലായി. ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലെ ധര്‍മപുര്‍ സ്വദേശിയായ രാധേ ശ്യാം (30) എന്ന യുവാവാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി മുതിര്‍ന്ന സഹോദരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ശ്യാമിനെ ബന്ധുക്കള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

ഉറങ്ങുകയായിരുന്ന മുതിര്‍ന്ന സഹോദരനായ വിശ്വനാഥ് സിങ്ങിനെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ബന്ധുക്കള്‍ പിടികൂടിയത്. കുടുംബാംഗങ്ങള്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് മുമ്പ് നടത്തിയ കൊലപാതകങ്ങളും യുവാവ് സമ്മതിച്ചത്.

ബന്ധുക്കളായ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയെന്നും മൂന്ന് പേരെ കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിടുകയും ചെയ്തിരുന്നുവെന്നായിരുന്നു യുവാവിന്റെ വെളിപ്പെടുത്തല്‍. കൊലപാതകത്തിന് കാരണം എന്താണെന്ന് ചോദിച്ച പൊലീസ്, സൈക്കോ കില്ലറുടെ മറുപടി കേട്ട് അമ്പരന്നു പോയി.

ആളുകളെ കൊല്ലുന്നത് തനിക്ക് ഏറെ ഇഷ്ടമാണെന്നും, ഏറെ ഹരം കൊള്ളിക്കുന്നുവെന്നുമായിരുന്നു ഇയാളുടെ മറുപടി. ബന്ധുക്കളായ രണ്ട് കുട്ടികളുടെ മരണത്തിന് ഉത്തരവാദിയും താനാണെന്ന് യുവാവ് സമ്മതിച്ചു.

ഫെബ്രുവരി നാലിനാണ് ആറു വയസ്സുകാരനായ സത്യേന്ദ്ര കൊല്ലപ്പെട്ടത്. രാധേശ്യാമിന്റെ മൂത്ത സഹോദരന്റെ മകനാണ് മരിച്ച സത്യേന്ദ്ര. ബന്ധുവായ രഘുരാജ് സിങിന്റെ മകന്‍ അഞ്ചുവയസ്സുകാരന്‍ പ്രശാന്തായിരുന്നു രാധേശ്യാമിന്റെ രണ്ടാമത്തെ ഇര.

കുട്ടികളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. മൂന്ന് പേരെ കൂടി കൊലപ്പെടുത്താന്‍ പ്രതി ലക്ഷ്യമിട്ടിരുന്നു. ആളുകളെ കൊല്ലുന്നതിലൂടെ ആനന്ദം കണ്ടെത്തുന്ന ഒരു സൈക്കോ കില്ലറാണ് ശ്യാമെന്നും ഇറ്റാ പൊലീസ് സൂപ്രണ്ട് സുനില്‍ കുമാര്‍ സിങ് പറഞ്ഞു. പിടിയിലായ ശ്യാമിനെ കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ ഒരു സ്ത്രീ അടക്കം ആറുപേര്‍ പൊലീസ് പിടിയിലായിരുന്നു. ഇവര്‍ ജയിലിലാണ്. കേസില്‍ യഥാര്‍ത്ഥ പ്രതി പിടിയിലായതോടെ ഇവര്‍ക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കുമെന്നും, ഇവരെ ഉടന്‍ മോചിപ്പിക്കുമെന്നും ഇറ്റാ പൊലീസ് സൂപ്രണ്ട് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com