ഇനി ലോക്ക് ഡൗണ്‍ ഇല്ല; നിയന്ത്രണ നടപടികള്‍ കണ്ടയ്ന്‍മെന്റ് സോണ്‍ കേന്ദ്രീകരിച്ച്; പ്രധാനമന്ത്രിയുടെ ചര്‍ച്ച നാളെ

പരിശോധന വ്യാപകമാക്കി, പോസിറ്റിവ് ആവുന്നവരെ ക്വാറന്റൈന്‍ ചെയ്ത് രോഗവ്യാപനം നിയന്ത്രിക്കണമെന്നാണ് കേന്ദ്ര നിലപാട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമ്പോഴും പൂര്‍ണമായ ഒരു അടച്ചിടല്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന തലത്തില്‍ കണ്ടയ്ന്‍മെന്റ് സോണുകളില്‍ ജാഗ്രത ശക്തിപ്പെടുത്തി രോഗ നിയന്ത്രണം സാധ്യമാക്കാനാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ നിര്‍ദേശിക്കുകയെന്നാണ് സൂചന. നാളെയും മറ്റന്നാളുമാണ് പ്രധാനമന്ത്രിയുടെ ചര്‍ച്ച.

നഗരങ്ങളിലെ കണ്ടയ്ന്‍മെന്റ് സോണുകളില്‍ പരിശോധനകള്‍ വ്യാപകമാക്കുക, സാമൂഹ്യ അകലം പാലിക്കല്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങിയവ കര്‍ശനമായി നടപ്പാക്കുക തുടങ്ങിയവയില്‍ ഊന്നയുള്ള രോഗ നിയന്ത്രണ പദ്ധതിയാണ് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ഉള്ളതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചില സംസ്ഥാനങ്ങളില്‍ സ്ഥിതി രൂക്ഷമാണെന്ന ബോധ്യം കേന്ദ്രത്തിനുണ്ട്. ഇവിടങ്ങളില്‍ പരിശോധന വ്യാപകമാക്കി, പോസിറ്റിവ് ആവുന്നവരെ ക്വാറന്റൈന്‍ ചെയ്ത് രോഗവ്യാപനം നിയന്ത്രിക്കണമെന്നാണ് കേന്ദ്ര നിലപാട്.

സംസ്ഥാനങ്ങള്‍ നിയന്ത്രണ നടപടികളെടുക്കുകയും കേന്ദ്രം ഏകോപിപ്പിക്കുകയും ചെയ്യുന്ന നിലയിലേക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാറും. സംസ്ഥാനങ്ങളുടെ അഭിപ്രായം ആരാഞ്ഞ് അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം തീരുമാനം അറിയിക്കും. പൂര്‍ണമായ അടച്ചിടല്‍ എന്തായാലും സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

രോഗവ്യാപനത്തിന്റെ തോത് അനുസരിച്ച് സംസ്ഥാനങ്ങള്‍ക്കു നിയന്ത്രണ നടപടികള്‍ സ്വീകരിക്കാം. അടച്ചിടല്‍ എത്രത്തോളം വേണമെന്നതില്‍ സംസ്ഥാനങ്ങളുടേതായിരിക്കും തീരുമാനം. ചില സംസ്ഥാനങ്ങള്‍ വാരാന്ത്യങ്ങളില്‍ കടുത്ത ലോക്ക് ഡൗണ്‍ നടപ്പാക്കുന്നുണ്ട്. ചില സംസ്ഥാനങ്ങള്‍ അതിര്‍ത്തി അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ കേന്ദ്രം ഇടപെടാനിടയില്ലെന്നാണ് സൂചന.

രണ്ടു ദിവസത്തെ ചര്‍ച്ചയില്‍ ആദ്യ ദിവസം രോഗവ്യാപനം രൂക്ഷമല്ലാത്ത സംസ്ഥാനങ്ങളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com