കൂളര്‍ കണക്ട് ചെയ്യാന്‍ വീട്ടുകാര്‍ വെന്റിലേറ്റര്‍ ഊരി മാറ്റി; കോവിഡ് രോഗി മരിച്ചു

കൂളര്‍ കണക്ട് ചെയ്യാന്‍ വീട്ടുകാര്‍ വെന്റിലേറ്റര്‍ ഊരി മാറ്റി; കോവിഡ് രോഗി മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പുര്‍: ആശുപത്രി മുറിയില്‍ ചൂടു കനത്തപ്പോള്‍ കൂളര്‍ കണക്ട് ചെയ്യാന്‍ വേണ്ടി വീട്ടുകാര്‍ വെന്റിലേറ്റര്‍ ഊരിമാറ്റിയതിനെത്തുടര്‍ന്ന് കോവിഡ് രോഗി മരിച്ചു. രാജസ്ഥാനിലെ കോട്ട ജില്ലയിലാണ് സംഭവം.

മഹാറാവു ഭീംസിങ് ആശുപത്രിയില്‍ ഈ മാസം പതിനഞ്ചിനാണ് നാടിനെ ഞെട്ടി സംഭവമുണ്ടായത്. കോവിഡ് രോഗി മരിക്കാനിടയായതിനെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചതായി മെഡിക്കല്‍ സൂപ്രണ്ട് നവീന്‍ സക്‌സേന അറിയിച്ചു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിക്കാനുള്ള തീരുമാനം. ഡെപ്യൂട്ടി സൂപ്രണ്ട്, നഴ്‌സിങ് സൂപ്രണ്ട്, സിഎംഒ എന്നിവര്‍ അടങ്ങുന്ന സമിതി ഇന്നു റിപ്പോര്‍ട്ട് നല്‍കും.

കോവിഡ് രോഗിയെ കാണാന്‍ എത്തിയ കുടുംബാംഗങ്ങള്‍ കൂളര്‍ കണക്ട് ചെയ്യാനായി വെന്റിലേറ്റര്‍ പ്ലഗില്‍ നിന്നു മാറ്റുകയായിരുന്നുവെന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. കൂളര്‍ ഇവര്‍ പുറത്തുനിന്നു കൊണ്ടുവന്നതാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. കുറച്ചു നേരം ബാറ്ററിയില്‍ പ്രവര്‍ത്തിച്ച വെന്റിലേറ്റര്‍ പിന്നെ ഓഫ് ആയി. ഇതോടെ രോഗിയുടെ നില ഗുരുതരമാവുകയായിരുന്നു. ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ എത്തിയെങ്കിലും രോഗിയെ രക്ഷിക്കാനായില്ല.

രോഗി മരിച്ചതിനെത്തുടര്‍ന്നു ബഹളം വച്ച ബന്ധുക്കള്‍ റസിഡന്റ് ഡോക്ടറെ ആക്രമിച്ചതായും ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com