116 ജില്ലകള്‍, 125 ദിവസത്തെ തൊഴില്‍, ഗ്രാമങ്ങളില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങുമായി കേന്ദ്രസര്‍ക്കാര്‍; 50,000 കോടി രൂപയുടെ മെഗാ പദ്ധതി, ഉദ്ഘാടനം ഇന്ന്

116 ജില്ലകള്‍, 125 ദിവസത്തെ തൊഴില്‍, ഗ്രാമങ്ങളില്‍ ജോലി നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങുമായി കേന്ദ്രസര്‍ക്കാര്‍; 50,000 കോടി രൂപയുടെ മെഗാ പദ്ധതി, ഉദ്ഘാടനം ഇന്ന്

ഗ്രാമീണ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് രൂപം നല്‍കിയ ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളുടെ ജീവനോപാധി നിലനിര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച മെഗാ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്. ഗ്രാമീണ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് രൂപം നല്‍കിയ ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്‍ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് നാടുകളിലേക്ക് മടങ്ങിയ ലക്ഷകണക്കിന് കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യമിട്ടാണ് പദ്ധതി.

50000 കോടി രൂപയുടെ പദ്ധതി മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ ആറു സംസ്ഥാനങ്ങളിലായി 116 ജില്ലകളിലെ തൊഴിലാളികളെ ഉദ്ദേശിച്ചാണ് പദ്ധതി. 125 ദിവസത്തെ തൊഴില്‍ ഉറപ്പാക്കി കുടിയേറ്റ തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുകയാണ് ലക്ഷ്യം. ഉത്തര്‍പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, ഒഡീഷ എന്നി സംസ്ഥാനങ്ങളെ ഉദ്ദേശിച്ചാണ് പദ്ധതിക്ക് രൂപം നല്‍കിയത്.

ഈ സംസ്ഥാനങ്ങളിലെ 116 ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഓരോ ജില്ലയിലും 25000ലധികം കുടിയേറ്റ തൊഴിലാളികള്‍ മടങ്ങിവന്നിട്ടുണ്ട്. 25 വ്യത്യസ്ത ജോലികളാണ് ഇതിന്റെ കീഴില്‍ വരിക. റെയില്‍വേ ജോലികള്‍, ശുചീകരണ തൊഴിലുകള്‍ ഉള്‍പ്പെടെ വ്യത്യസ്ത മേഖലകളിലാണ് ജോലി ഉറപ്പാക്കുക. 50000 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചത്. ഗ്രാമീണ മേഖലയുടെ അടിസ്ഥാന സൗകര്യവികസനവും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.

മറ്റു ജില്ലകള്‍ക്കും ഇതില്‍ പങ്കാളിയാകാം. 25000ല്‍പ്പരം കുടിയേറ്റ തൊഴിലാളികള്‍ ഉണ്ടെങ്കില്‍ 116 ജില്ലകള്‍ക്ക് പുറമേയുളളവയ്ക്കും പദ്ധതിയില്‍ ചേരാമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com