'ചിരിക്കുന്ന മുഖവുമായി പരീക്ഷ എഴുതൂ', വിദ്യാര്‍ഥികള്‍ക്ക് പൂക്കള്‍ സമ്മാനിച്ച് ഡല്‍ഹി പൊലീസ്
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയയിലെയും ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെയും വിദ്യാര്‍ഥികളാണ് രാജ്യതലസ്ഥാനത്ത് ആദ്യം പ്രതിഷേധിച്ചത്. ഇവരുടെ പ്രതിഷേധത്തെ ഡല്‍ഹി പൊലീസ് അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് വ്യാപക പ്രതിഷേധത്തിനാണ് ഇടയാക്കിയത്. അതിനിടെ, സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും പ്രാധാന്യം വിളിച്ചോതി വിദ്യാര്‍ഥികള്‍ ഡല്‍ഹി പൊലീസിന് പൂക്കള്‍ സമ്മാനിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ പരീക്ഷ എഴുതാന്‍ വന്ന വിദ്യാര്‍ഥികള്‍ക്ക് പൂക്കള്‍ സമ്മാനിച്ച് ഡല്‍ഹി പൊലീസ് അതേ മാതൃക പിന്തുടര്‍ന്നിരിക്കുകയാണ്.
ഡല്‍ഹി കലാപത്തെ തുടര്‍ന്ന് കലാപബാധിത പ്രദേശങ്ങളില്‍ നടത്താനിരുന്ന സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. കലാപം ശമിച്ച് ഡല്‍ഹി സാധാരണനിലയിലേക്ക് തിരിച്ചുവന്ന ഘട്ടത്തില്‍, പരീക്ഷ എഴുതാന്‍ വന്ന സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കാണ് ഡല്‍ഹി പൊലീസ് പൂക്കള്‍ സമ്മാനിച്ചത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഖജൂരി ഖാസ്് മേഖലയിലെ സര്‍വോദയ ബാല്‍ വിദ്യാലയത്തില്‍ പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ഥികള്‍ക്കാണ് ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ പൂക്കള്‍ സമ്മാനിച്ച് മാതൃകയായത്. സമാധാനത്തിന്റെ സന്ദേശം നല്കുന്ന ഈ ചിത്രങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.
കഴിഞ്ഞാഴ്ചയാണ് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുളള ഏറ്റുമുട്ടല്‍ കലാപത്തില്‍ കലാശിച്ചത്. ഡല്‍ഹി കലാപത്തില്‍ ഇതുവരെ 46 പേര്‍ക്കാണ് ജീവന് നഷ്ടമായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ