'ജീവിതത്തിലാദ്യം; കാത്തിരിക്കുകയായിരുന്നു; ദൈവത്തിന് നന്ദി; സന്തോഷം മറച്ചുവെക്കാതെ ആരാച്ചാര്‍

ഈ കുറ്റവാളികളെ വധിക്കാന്‍ അവസരം തന്ന തീഹാര്‍ ജയില്‍ അധികൃതര്‍ക്കും ദൈവത്തിനും നന്ദിയെന്ന് പവന്‍ ജല്ലാദ്
'ജീവിതത്തിലാദ്യം; കാത്തിരിക്കുകയായിരുന്നു; ദൈവത്തിന് നന്ദി; സന്തോഷം മറച്ചുവെക്കാതെ ആരാച്ചാര്‍

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് നാലുപേരെ ഒന്നിച്ച് തൂക്കിലേറ്റിയത്. രാജ്യത്തെ നടുക്കിയ നിര്‍ഭയ   കൂട്ടബലാത്സംഗ കൊലപാതകേസിലെ പ്രതികളായ  മുകേഷ് സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിംഗ് എന്നിവരെ പുലര്‍ച്ചെ 5.30 നാണ് വധിച്ചത്. 55 കാരനായ യുപി സ്വദേശി പവന്‍ ജല്ലാദാണ് ഇവരെ തൂക്കിലേറ്റിയത്. 

എന്റെ ജീവിതത്തില്‍ ആദ്യമായി നാലുകുറ്റവാളികളെ വധിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഞാന്‍ വളരെക്കാലമായി കാത്തിരിക്കുയായിരുന്നു. ഈ കുറ്റവാളികളെ വധിക്കാന്‍ അവസരം തന്ന തീഹാര്‍ ജയില്‍ അധികൃതര്‍ക്കും ദൈവത്തിനും നന്ദിയെന്ന് പവന്‍ ജല്ലാദ് പറഞ്ഞു.

വധശിക്ഷയ്ക്ക് ശേഷം കനത്ത സുരക്ഷയോടെയാണ് ജല്ലാദിനെ സ്വദേശമായ മീററ്റിലേക്ക് കൊണ്ടുപോയത്. ഡ്യൂട്ടി നിര്‍വഹിച്ചതിന് ഒരുലക്ഷം രൂപ പവന് ലഭിക്കും. ഒരാള്‍ക്ക് 25,000 വീതം എന്നനിലയില്‍ നാലുപ്രതികളെ വധിച്ചതിന് ഒരുലക്ഷം രൂപ വേതനമായി ലഭിക്കും. 

ജല്ലാദ് എന്നാല്‍ ഹിന്ദിയില്‍ ആരാച്ചാര്‍. ശിക്ഷനടപ്പാക്കാന്‍ ജനിക്കുന്നവര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നവരാണ് ജല്ലാദുമാര്‍.പാരമ്പര്യമായി ഈ തൊഴില്‍ ചെയ്യുന്ന കുടുംബമായതിനാല്‍ പവന്‍, പവന്‍ ജല്ലാദായി. നിര്‍ഭയ കേസില്‍ ഡല്‍ഹി കോടതി ആദ്യ മരണ വാറണ്ട് പുറപ്പെടുവിച്ചപ്പോള്‍ തന്നെ തിഹാര്‍ ജയില്‍ അധികൃതര്‍ ആരാച്ചാരുടെ സേവനം ആവശ്യപ്പെട്ടു യുപി ജയില്‍ വകുപ്പിന് കത്തയച്ചിരുന്നു.

തിഹാറില്‍ സ്വന്തമായി ആരാച്ചാര്‍ ഇല്ല. ജനുവരി 30 നു പവന്‍ തിഹാറില്‍ എത്തി. 31 നു തൂക്കിലേറ്റുന്നതിന്റെ ഡമ്മി പരീക്ഷണവും നടത്തി. കോടതി രണ്ടാമത് പുറപ്പെടുവിച്ച മരണ വാറണ്ട് പ്രകാരം തൂക്കിലേറ്റേണ്ടത് തൊട്ടടുത്ത ദിവസമായ ഫെബ്രുവരി ഒന്നിനായിരുന്നു. അതിനിടയിലാണ് മരണ വാറണ്ട് നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടത്.

മീററ്റിലെ കാന്‍ഷിറാം കോളനിയിലെ ഒറ്റമുറി വീട്ടില്‍ കഴിയുന്ന പവന്‍ നാലാം തലമുറയിലെ ആരാച്ചാരാണ്. പവന്റെ മുത്തച്ഛന്‍ കല്ലുറാമും കല്ലുറാമിന്റെ അച്ഛന്‍ ലക്ഷ്മണും ആരാച്ചാമാര്‍ ആയിരുന്നു. കല്ലുറാമിന്റെ മരണശേഷം മകന്‍ മുമ്മുവും, മുമ്മുവിന്റെ മരണ ശേഷം പവനും ഇതേ തൊഴിലിലെത്തി.

ഇന്ദിരാ ഗാന്ധി ഘാതകനായ ബിയാന്ത് സിങ്ങിനെയും സത്വന്ത് സിങ്ങിനെയും തൂക്കിലേറ്റിയത് കല്ലുറാം ആയിരുന്നു. ഇരുപത്തിമൂന്നാം വയസ്സില്‍ മുത്തച്ഛനും അച്ഛനുമൊപ്പം കഴുവേറ്റാന്‍ പോയ അനുഭവവും പവന് ഉണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com