കോവിഡിന്റെ അടുത്ത കേന്ദ്രം ഇന്ത്യ ?; 80 കോടി ജനങ്ങള്‍ക്ക് രോഗബാധയുണ്ടായേക്കാം, വിദഗ്ധരുടെ വിലയിരുത്തല്‍

ഇന്ത്യയില്‍  ഇപ്പോള്‍ തിരിച്ചറിയപ്പെടാത്ത 10,000ല്‍ അധികം കൊറോണ ബാധിതര്‍ ഉണ്ടാകാമെന്ന് രമണന്‍ ലക്ഷ്മീനാരായണന്‍ പറയുന്നു
കോവിഡിന്റെ അടുത്ത കേന്ദ്രം ഇന്ത്യ ?; 80 കോടി ജനങ്ങള്‍ക്ക് രോഗബാധയുണ്ടായേക്കാം, വിദഗ്ധരുടെ വിലയിരുത്തല്‍


ന്യൂഡല്‍ഹി: ചൈനയ്ക്കും യൂറോപ്പിനും ശേഷം ലോകത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ അടുത്ത കേന്ദ്രം ഇന്ത്യയായിരിക്കുമെന്ന് നിരീക്ഷണം. പ്രശസ്ത എപ്പിഡെമോളജിസ്റ്റും, സെന്റര്‍ ഫോർ ഡിസീസ് ഡൈനാമിക്‌സ് എക്കണോമിക്സ് ആന്റ് പോളിസി (സിഡിഡിഇപി)യുടെ ഡയറക്ടറുമായ രമണന്‍ ലക്ഷ്മീനാരായണന്റേതാണ് ഈ വിലയിരുത്തല്‍. ഇന്ത്യന്‍ ജനതയുടെ 80 കോടി ജനങ്ങള്‍ക്കും കോവിഡ് വൈറസ് രോഗബാധയുണ്ടായേക്കാമെന്ന് 'ദി വയര്‍'ന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ജനതയുടെ 20 മുതല്‍ 60 ശതമാനത്തെ വരെ കൊറോണ വൈറസ് ബാധിക്കുമെന്നാണ് അമേരിക്ക കണക്കാക്കുന്നത്. ആ നിലയ്ക്ക് ഇന്ത്യയില്‍ കാര്യങ്ങള്‍ വളരെ മോശമായിരിക്കും. ഇന്ത്യയിലെ 70 മുതല്‍ 80 കോടി വരെ ജനങ്ങള്‍ക്ക് വൈറസ് ബാധയുണ്ടായേക്കും. ഇതില്‍ ബഹുഭൂരിപക്ഷത്തിനും ചെറിയരീതിയില്‍ മാത്രമായിരിക്കും വൈറസ് ബാധയുടെ പ്രത്യാഘാതം ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വളരെ ചെറിയ ഒരു ശതമാനം മാത്രമേ ഗുരുതര രോഗത്തിന് അടിപ്പെടുകയുള്ളൂ. അതില്‍ത്തന്നെ ചെറിയൊരു ശതമാനം മരണങ്ങള്‍ മാത്രമേ ഉണ്ടാകൂ എന്നും രമണന്‍ ലക്ഷ്മിനാരായണന്‍ പറഞ്ഞു.

12 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യഘട്ടത്തില്‍ സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിയാന്‍ വൈകിയതായി ബ്രിട്ടണ്‍ വ്യക്തമാക്കിയിരുന്നു. അപ്പോള്‍ അവിടെ തിരിച്ചറിയപ്പെടാത്ത 1500 കൊറോണ കേസുകള്‍ ഉണ്ടായിരുന്നു. ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യം ഇതിന് സമാനമാണ്. ഇന്ത്യയിലെ അവസ്ഥ വെച്ച് ഇപ്പോള്‍ ഇവിടെ തിരിച്ചറിയപ്പെടാത്ത 10,000ല്‍ അധികം കൊറോണ ബാധിതര്‍ ഉണ്ടാകാമെന്ന് അദ്ദേഹം പറയുന്നു.

ഇന്ത്യ ഇപ്പോഴും സ്‌റ്റേജ് 2ല്‍ ആണെന്ന ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നിലപാട് രമണന്‍ ലക്ഷ്മിനാരായണന്‍ തള്ളിക്കളയുന്നു. മറ്റു രാജ്യങ്ങളുടെ അനുഭവത്തിന്റെയും ഗവേഷകരുടെ വിലയിരുത്തലിന്റെയും വെളിച്ചത്തില്‍ ഇന്ത്യ രണ്ടോ മൂന്ന് ആഴ്ചകള്‍ക്കു മുന്‍പുതന്നെ സ്‌റ്റേജ് മൂന്നില്‍ പ്രവേശിച്ചതായി കരുതാമെന്ന് അദ്ദേഹം പറയുന്നു. കോറോണ വളരെ വേഗത്തിലും തീവ്രവുമായാണ് വ്യാപിക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ നമുക്ക് പ്രതിരോധശേഷിയുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

രോഗപരിശോധനയ്ക്കുള്ള സൗകര്യം വര്‍ധിപ്പിക്കുകയാണ് ഇന്ത്യ അടിയന്തിരമായി ചെയ്യേണ്ടത്. പ്രതിദിനം പതിനായിരം സാമ്പികളുകള്‍ പരിശോധിക്കാനുള്ള സൗകര്യം വേണം. എന്നാല്‍ ഇതുവരെ പരിശോധിച്ച ആകെ സാമ്പിളുകള്‍ 11,500 മാത്രമാണ്. ഇന്ത്യയുടെ ഉയര്‍ന്ന ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ ഇത് വളരെ കുറഞ്ഞ നിരക്കാണ്. തീവ്രപരിചരണ സംവിധാനം ഇനിയും വര്‍ധിപ്പിക്കേണ്ടതുണ്ട്. ഐസിയു ഉപകരണങ്ങള്‍, വെന്റിലേറ്ററുകള്‍, മരുന്നുകള്‍ എന്നിവ അടിയന്തിരമായി ഇറക്കുമതി ചെയ്യണമെന്നും രമണന്‍ ലക്ഷ്മീനാരായണന്‍ ആവശ്യപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com