കുടിയേറ്റ തൊഴിലാളികളുടെ ട്രെയിന്‍ യാത്രാക്കൂലിയുടെ ചെലവ് വഹിച്ചത് സംസ്ഥാനങ്ങള്‍; മഹാരാഷ്ട്ര പണം വാങ്ങിയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ 

കുടിയേറ്റ തൊഴിലാളികളെ നാട്ടില്‍ എത്തിക്കാന്‍ 34 പ്രത്യേക ട്രെയിനുകളാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തിയത്.
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: നാട്ടില്‍ എത്താന്‍ ട്രെയിനുകളെ ആശ്രയിക്കുന്ന കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് യാത്രാ കൂലി ഈടാക്കുന്നതായുളള ആക്ഷേപത്തിനിടെ, സംസ്ഥാനങ്ങളാണ് ഇതിന്റെ ചെലവ് വഹിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍.  കുടിയേറ്റ തൊഴിലാളികളെ നാട്ടില്‍ എത്തിക്കാന്‍ 34 പ്രത്യേക ട്രെയിനുകളാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തിയത്. മഹാരാഷ്ട്ര ഒഴികെയുളള സംസ്ഥാനങ്ങള്‍ കുടിയേറ്റ തൊഴിലാളികളുടെ യാത്രാക്കൂലി ഇനത്തിലുളള ചെലവ് വഹിച്ചതായി സര്‍ക്കാര്‍ വ്യത്തങ്ങള്‍ പറയുന്നു. 

വിവിധ സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികളെ അവരവരുടെ നാട്ടില്‍ എത്തിക്കുന്നതിന് ചെലവിന്റെ 85 ശതമാനം സബ്‌സിഡിയായി റെയില്‍വേ വഹിക്കുന്നതായാണ് ബിജെപിയുടെ വിശദീകരണം. യാത്രാ കൂലിയുടെ 15 ശതമാനം മാത്രമാണ് സംസ്ഥാനങ്ങളില്‍ നിന്നും ഈടാക്കുന്നതെന്നും ബിജെപി അവകാശപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഔദ്യോഗിക അറിയിപ്പ് റെയില്‍വേയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അതിഥി തൊഴിലാളികളുടെ യാത്രാ കൂലി പൂര്‍ണമായി കേന്ദ്രം വഹിക്കണമെന്നാണ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ അതിഥി തൊഴിലാളികളെ നാട്ടില്‍ എത്തിക്കുന്നതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പിന്മാറുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. നാട്ടിലേക്ക് തിരിച്ചുപോവുന്ന കുടിയേറ്റ തൊഴിലാളികളില്‍ നിര്‍ധനരായവരുടെ ട്രെയിന്‍ യാത്രാക്കൂലി കോണ്‍ഗ്രസ് വഹിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെയാണ് യാത്രാ ചെലവ് സംസ്ഥാനങ്ങളാണ് വഹിക്കുന്നത് എന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുളള റിപ്പോര്‍ട്ട്.

രാജസ്ഥാന്‍, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ തന്നെയാണ് അവിടെ നിന്ന് പുറപ്പെട്ട ട്രെയിനുകളിലെ കുടിയേറ്റ തൊഴിലാളികളുടെ യാത്രാക്കൂലി ഇനത്തിലുളള ചെലവ് വഹിച്ചത്. ട്രെയിനുകള്‍ സ്വീകരിച്ച ഝാര്‍ഖണ്ഡ്, നാട്ടിലേത്തിയ കുടിയേറ്റ തൊഴിലാളികളുടെ യാത്രാക്കൂലി നല്‍കുകയും ചെയ്തു. സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് ഗുജറാത്ത് തൊഴിലാളികളുടെ ചെലവ് വഹിച്ചത്. മഹാരാഷ്ട്ര മാത്രമാണ് കുടിയേറ്റ തൊഴിലാളികളില്‍ നി്ന്ന് പണം ഈടാക്കിയത്. മഹാരാഷ്ട്രയില്‍ നിന്ന് യാത്ര ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളുടെ യാത്രാ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മന്ത്രി നിതിന്‍ റൗട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കത്തയച്ചതും വാര്‍ത്തയായിരുന്നു.

സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റിന്റെ നിരക്ക് യാത്രക്കാരില്‍ നിന്ന് റെയില്‍വേ ഈടാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമേ 50 രൂപ അധികം ഈടാക്കുന്നതായും ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com