മദ്യം വീട്ടിലെത്തിച്ച് നല്‍കും; പഞ്ചാബില്‍ മദ്യക്കടകള്‍ നാളെമുതല്‍ തുറക്കും

കര്‍ഫ്യൂവില്‍ ഇളവുള്ള രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെ മാത്രമായിരിക്കും കടകള്‍ തുറക്കാന്‍ അനുവദിക്കുക.
മദ്യം വീട്ടിലെത്തിച്ച് നല്‍കും; പഞ്ചാബില്‍ മദ്യക്കടകള്‍ നാളെമുതല്‍ തുറക്കും


ചണ്ഡീഗഡ്: വ്യാഴാഴ്ച മുതല്‍ പഞ്ചാബില്‍ മദ്യക്കടകള്‍ തുറക്കും. വീടുകളില്‍ മദ്യം എത്തിച്ചുനല്‍കണം എന്ന വ്യവസ്ഥയിലാണ് മദ്യക്കടകള്‍ തുറക്കുന്നത്. കര്‍ഫ്യൂവില്‍ ഇളവുള്ള രാവിലെ 9 മുതല്‍ ഉച്ചക്ക് 1 വരെ മാത്രമായിരിക്കും കടകള്‍ തുറക്കാന്‍ അനുവദിക്കുക. രണ്ട് ലിറ്ററില്‍ കൂടുതല്‍ മദ്യം ഒരാള്‍ക്ക് വീട്ടില്‍ എത്തിച്ച് നല്‍കില്ലെന്നും ചൊവ്വാഴ്ച വൈകുന്നേരം സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

മദ്യം വീട്ടില്‍ എത്തിച്ച് നല്‍കാന്‍ അനുവദിച്ചിരിക്കുന്ന സ്‌റ്റോറുകളുടെ എണ്ണവും കണക്കാക്കിയിട്ടുണ്ട്. വിതരണം ചെയ്യുന്നയാള്‍ക്ക് കര്‍ഫ്യൂ പാസ്, ഐഡി പ്രൂഫ് എന്നിവ ആവശ്യമാണ്. ഒപ്പം വിതരണത്തിന് ഉപയോഗിക്കുന്ന വാഹനത്തിനും ജില്ലാ അധികൃതരുടെ അനുമതി ആവശ്യമാണ്. അതേസമയം, പഞ്ചാബ് നിര്‍മിത മദ്യം (പിഎംഎല്‍) വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല.

1914ലെ പഞ്ചാബ് എക്‌സൈസ് നിയമവും എക്‌സൈസ് റൂളും വീട്ടില്‍ നിന്ന് മദ്യം വിതരണം ചെയ്യാന്‍ അനുവദിക്കുന്നില്ലാത്തതിനാല്‍ ലോക്ക്ഡൗണ്‍ കണക്കിലെടുത്ത് പ്രത്യേക സാഹചര്യത്തില്‍ ഇളവ് അനുവദിക്കുകയായിരുന്നുവെന്ന് ഉത്തരവില്‍ പറയുന്നു.

കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്ന സമയത്ത് മദ്യവില്‍പ്പനശാലകളില്‍ തിക്കും തിരക്കും പരിശോധിക്കാന്‍ പ്രത്യേക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു. മദ്യത്തിന്റെ കള്ളക്കടത്ത് പരിശോധിക്കാന്‍, വിതരണം ചെയ്യുന്ന വ്യക്തിയുടെ കൈവശം മദ്യത്തിന്റെ യഥാര്‍ത്ഥ ബില്‍ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയും സര്‍ക്കാര്‍ നിര്‍ബന്ധമാക്കി.

സ്‌റ്റോറുകള്‍ക്കുള്ളിലെ ജീവനക്കാര്‍ സാമൂഹിക അകലം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചില്‍ കൂടുതല്‍ പേരെ ക്യൂവില്‍ അനുവദിക്കില്ല. കൂടാതെ, സാമൂഹിക അലകം പാലിക്കാനായി കടകള്‍ക്ക് പുറത്ത് വരകള്‍ വരയ്ക്കണം. ജീവനക്കാര്‍ക്കും വാങ്ങുന്നവര്‍ക്കും സാനിറ്റൈസര്‍ നല്‍കേണ്ടതുണ്ട്.

പശ്ചിമ ബംഗാളിലും മദ്യം വീടുകളില്‍ എത്തിച്ച് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉണ്ടാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ മദ്യക്കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും ലോക്ക്ഡൗണ്‍ ലംഘനം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി അത് ഒഴിവാക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com