കോവിഡ് പോരാട്ടത്തിനിടെ ഇടിത്തീപോലെ വിഷവാതക ദുരന്തം; ശ്വാസംമുട്ടി ആളുകള്‍ കൂട്ടത്തോടെ ആശുപത്രിയിലേക്ക്,  ഒരേസമയം രണ്ട് ദൗത്യം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന ആശുപത്രി ജീവനക്കാര്‍ക്ക് മുന്നില്‍ ഇടിത്തീപോലെയാണ് വിശാഖപട്ടണത്തെ വിഷവാതക ദുരന്തം വന്നുവീണത്
ചിത്രം: പിടിഐ
ചിത്രം: പിടിഐ

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്ന ആശുപത്രി ജീവനക്കാര്‍ക്ക് മുന്നില്‍ ഇടിത്തീപോലെയാണ് വിശാഖപട്ടണത്തെ വിഷവാതക ദുരന്തം വന്നുവീണത്. 160പേരെ പ്രവേശിപ്പിച്ച കിങ് ജോര്‍ജ് ആശുപത്രിയില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. എന്നാല്‍ ഒട്ടും സമയം പാഴാക്കാന്‍ നില്‍ക്കാതെ നിലവിലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് ആളുകളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമിത്താണ് ഡോക്ടര്‍മാരും മറ്റും. 

ആളുകളുടെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും തങ്ങള്‍ നടത്തിവരികയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അടിയന്തര ഘട്ടത്തെ നേരിടാന്‍ ആവശ്യമായ വെന്റിലേറ്ററുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. 

പത്തുപേരെയാണ് ഇതുവരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഏഴുപതോളം പേരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. 

പ്രിയപ്പെട്ടവരെ തിരക്കി ബന്ധുക്കള്‍ കൂട്ടത്തോടെ വന്നത് ആശുപത്രിയില്‍ തിക്കും തിരക്കുമുണ്ടാക്കി. അതേസമയം, വിഷവാതക ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.

കിങ് ജോര്‍ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചുപേര്‍ മരിച്ചതായി ഹോസ്പിറ്റല്‍ സൂപ്രണ്ട് സ്ഥിരീകരിച്ചു. മൂന്നുപേര്‍ വെങ്കിട്ടപുരത്തെ കനാലില്‍ മരിച്ചുകിടക്കുന്ന നിലയിലും കണ്ടെത്തി. വിഷവാതകം ശ്വസിച്ച് നിരവധി മൃഗങ്ങളും ചത്തിട്ടുണ്ട്.

വിഷവാതകം വ്യാപിച്ചതിനെ തുടര്‍ന്ന് ആളുകള്‍ തെരുവുകളിലും മറ്റും ബോധരഹിതരായി കിടക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി ഇന്ന് സംഭവസ്ഥലവും ആശുപത്രിയില്‍ കഴിയുന്നവരെയും സന്ദര്‍ശിക്കും.

സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും, ദേശീയ ദ്രുതപ്രതികരണ സേനാ വിഭാഗത്തെ സംഭവസ്ഥലത്തേക്ക് അയച്ചതായും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു. സംസ്ഥാന ആഭ്യന്തര സെക്രട്ടറി, ചീഫ് സെക്രട്ടറി തുടങ്ങിയവരുമായി സംസാരിച്ചു. എല്ലാവിധ സഹായങ്ങളും കേന്ദ്രം ഉറപ്പുനല്‍കിയതായും കേന്ദ്രമന്ത്രി പറഞ്ഞു.

വെങ്കിട്ടപുരം ഗ്രാമത്തിലെ എല്‍ജി പോളിമര്‍ ഇന്‍സ്ട്രി കമ്പനിയില്‍ നിന്നാണ് വിഷവാതകം ചോര്‍ന്നത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വിഷവാതക ചോര്‍ച്ച ഉണ്ടായത്. അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ വിഷവാതകം പരന്നു. ഇതേത്തുടര്‍ന്ന് 20 ഗ്രാമങ്ങളിലെ ജനങ്ങളെ പൊലീസും അധികൃതരും ഒഴിപ്പിക്കുകയാണ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ച കമ്പനി ഇന്നലെയാണ് തുറന്നത്. കമ്പനിയില്‍ നിന്നും സ്‌റ്റെറീന്‍ വാതകമാണ് ചോര്‍ന്നത്. വിഷവാതക ചോര്‍ച്ച അടച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com