ഡോക്ടറുടെ ആത്മഹത്യ; ആം ആദ്മി പാര്‍ട്ടി എംഎല്‍എക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ഡോക്ടറുടെ ആത്മഹത്യ; ആം ആദ്മി പാര്‍ട്ടി എംഎല്‍എക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
ഡോക്ടറുടെ ആത്മഹത്യ; ആം ആദ്മി പാര്‍ട്ടി എംഎല്‍എക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ന്യൂഡല്‍ഹി: തെക്കൻ ഡല്‍ഹിയിലെ ഡോക്ടറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ പ്രകാശ് ജര്‍വാളിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ഡൽഹിയിലെ ഡിയോളിയിൽ നിന്നുള്ള എംഎൽഎയാണ് പ്രകാശ് ജർവാൾ. 

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് രണ്ടു തവണ ജര്‍വാളിന് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ രണ്ട് തവണയും അദ്ദേഹം ഹാജരായില്ല. എംഎൽഎയുടെ പിതാവിനെയും സഹോദരനെയും കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് ജര്‍വാളിനും സഹായിക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

രാജേന്ദ്ര സിങ് (52) എന്ന ഡോക്ടറെ ഏപ്രില്‍ 18നാണ് തെക്കൻ ഡല്‍ഹിയിലെ ദുര്‍ഗാ വിഹാറിലുള്ള വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആം ആദ്മി പാര്‍ട്ടി എംഎല്‍എ തന്നെ നിരന്തരം ദ്രോഹിച്ചിരുന്നുവെന്ന് ആത്മഹത്യ ചെയ്ത ഡോക്ടര്‍ ആരോപിച്ചിരുന്നു. ആത്മഹത്യാ കുറിപ്പിൽ എംഎല്‍എയുടെ പേര് പരാമര്‍ശിച്ചിരുന്നുവെന്ന് പുറത്തു വന്ന വിവരങ്ങളിലുണ്ടായിരുന്നു. 

എംഎല്‍എയ്‌ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണയും പണാപഹരണവും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. സ്വന്തമായി ക്ലിനിക്ക് നടത്തിയിരുന്ന ഡോക്ടര്‍ക്ക് ടാങ്കറില്‍ ജല വിതരണം നടത്തുന്ന സ്ഥാപനവും ഉണ്ടായിരുന്നു. ഡോക്ടര്‍  ആത്മഹത്യ ചെയ്ത സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും പത്ത് മാസത്തോളമായി ഡോക്ടറുമായി സംസാരിച്ചിട്ടു പോലുമില്ലെന്നും എംഎല്‍എ അവകാശപ്പെട്ടു.

2017 ല്‍ ടാങ്കര്‍ മാഫിയയുമായി ബന്ധപ്പെട്ട് ഒരു ന്യൂസ് ചാനല്‍  നടത്തിയ ഒളി ക്യാമറ ഓപ്പറേഷനില്‍ ഡോക്ടറും ഉള്‍പ്പെട്ടിരുന്നുവെന്നും അതിനു ശേഷം അദ്ദേഹത്തിന്റെ വാഹനങ്ങളെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നുവെന്നും പ്രകാശ് ജര്‍വാള്‍ ആരോപിച്ചിരുന്നു. നിലവില്‍ എംഎല്‍എ ഒളിവിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com