യുവതി കുഞ്ഞിന് റോഡരികില്‍ ജന്മം നല്‍കി; വിശ്രമമില്ലാതെ നടന്നത് 160 കിലേമീറ്റര്‍; ലോക്ക്ഡൗണിനിടെ ദുരിത കഥ

കുടിയേറ്റ തൊഴിലാളിയുടെ ഭാര്യയായ ശകുന്തള പൂര്‍ണ ഗര്‍ഭിണിയായിട്ടും സ്വന്തം നാട്ടിലേക്ക് കാല്‍നടയായി പോവാന്‍ തയ്യാറാവുകയായിരുന്നു
യുവതി കുഞ്ഞിന് റോഡരികില്‍ ജന്മം നല്‍കി; വിശ്രമമില്ലാതെ നടന്നത് 160 കിലേമീറ്റര്‍; ലോക്ക്ഡൗണിനിടെ ദുരിത കഥ


ബര്‍വാനി: ലോക്ക്ഡൗണില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം നാട്ടിലെത്താന്‍ കാല്‍നടയായി താണ്ടേണ്ടിയിരുന്നത് ആയിരം കിലോമീറ്ററുകള്‍. യാത്ര തുടങ്ങുമ്പോള്‍ അവരുടെ സംഘത്തിലുണ്ടായിരുന്നത് 16 പേരായിരുന്നു. ഇപ്പോള്‍ അവരുടെ സംഘത്തില്‍ പതിനേഴ് പേരാണുള്ളത്. കുടിയേറ്റ തൊഴിലാളിയുടെ ഭാര്യയായ ശകുന്തള പൂര്‍ണ ഗര്‍ഭിണിയായിട്ടും സ്വന്തം നാട്ടിലേക്ക് കാല്‍നടയായി പോവാന്‍ തയ്യാറാവുകയായിരുന്നു.

ഭക്ഷണമോ താമസസ്ഥലമോ പോലും ഇല്ലാതെ നാസിക്കില്‍ കഴിയാന്‍ വയ്യ. ഒടുവില്‍ രണ്ടും കല്‍പ്പിച്ചാണ് യാത്ര ചെയ്തത്. യാത്രക്കിടയില്‍ റോഡരികില്‍ ശകുന്തള പ്രസവിച്ചു. പ്രസവത്തിന് ശേഷം ഒരു മണിക്കൂറോളം മാത്രം വിശ്രമിച്ചു. പിന്നെയും നടന്നത് 160 കിലോമീറ്റര്‍ ദൂരമാണ്.

മഹാരാഷ്ട്ര  മധ്യപ്രദേശ് അതിര്‍ത്തിയിലെ ബിജസന്‍ നഗരത്തില്‍ വെച്ചാണ് ശകുന്തള കുഞ്ഞിന് ജന്‍മം നല്‍കിയത്. ഡ്യൂട്ടിയുടെ ഭാഗമായി സ്ഥലത്തെത്തിയ പോലീസ് ഇന്‍സ്‌പെക്ടറാണ് ആദ്യം ഇവരെ കണ്ടത്. യുവതിയെയും കുഞ്ഞിനെയും കണ്ട് എന്ത് പറയണമെന്ന് അറിയാതെ നിന്നുപോയെന്ന് ബിജസന്‍ പോലീസ് ചെക് പോസ്റ്റ് ഇന്‍ചാര്‍ജ് കവിത കനേഷ് പറഞ്ഞു.

സംഘത്തിനുള്ള ഭക്ഷണവും വെള്ളവും എല്ലാം പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കി. കുഞ്ഞിനുള്ള വസ്ത്രവും മറ്റും ഒരു സിഖ് കുടുംബവും സമ്മാനിച്ചു. ഇവര്‍ക്കുള്ള എല്ലാ സഹായങ്ങളും നല്‍കിയാണ് പിന്നീട് യാത്രയാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com