രണ്ടരലക്ഷം കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ; വിളവെടുപ്പ് കഴിഞ്ഞവരും അര്‍ഹര്‍, മത്സ്യ തൊഴിലാളികളും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പരിധിയില്‍

ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ രണ്ടാം ഘട്ട പദ്ധതികള്‍ വിശദീകരിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍.
രണ്ടരലക്ഷം കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശയ്ക്ക് വായ്പ; വിളവെടുപ്പ് കഴിഞ്ഞവരും അര്‍ഹര്‍, മത്സ്യ തൊഴിലാളികളും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പരിധിയില്‍

ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ രണ്ടാം ഘട്ട പദ്ധതികള്‍ വിശദീകരിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രണ്ടാംഘട്ട പാക്കേജ് കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍, വഴിയോര കച്ചവടക്കാര്‍,അതിഥി തൊഴിലാളികള്‍ തുടങ്ങി ഒമ്പത് മേഖലയ്ക്ക് പ്രധാന്യം നല്‍കിയാണെന്ന് മന്ത്രി വ്യക്തമാക്കി. കര്‍ഷകര്‍ക്ക് വേണ്ടി രണ്ട് പ്രഖ്യാപനങ്ങള്‍,അതിഥി തൊഴിലാളികള്‍ക്കായി മൂന്ന് പദ്ധതികള്‍, വഴിയോര കച്ചവടക്കാര്‍ക്കായി രണ്ട് പദ്ധതികള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും. 

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി 2.5കോടി കര്‍ഷകര്‍ക്ക് കൂടി കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കും. മത്സ്യത്തൊഴിലാളികളും മൃഗപരിപാലനത്തില്‍ ഏര്‍പ്പെടുന്നവരും കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധിയില്‍ വരും. വിളവെടുപ്പ് കഴിഞ്ഞവരും വായ്പയ്ക്ക് അര്‍ഹരാണ്. വഴിയോര കച്ചവടക്കാര്‍ക്ക് ഒരുമാസത്തിനകം 5000 കോടിയുടെ വായ്പ പദ്ധതി. പ്രവര്‍ത്തന മൂലധനമായി എല്ലാവര്‍ക്കും പതിനായിരം രൂപ നല്‍കും. കൃത്യമായ തിരിച്ചടയ്ക്കുന്നവര്‍ക്ക് കൂടുതല്‍ വായ്പ്പ ലഭ്യമാക്കും. അമ്പതു ലക്ഷം വഴിയോര കച്ചവടക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.

അതിഥി തൊഴിലാളികള്‍ക്ക് അടുത്ത മൂന്നു മാസത്തേക്ക് സൗജന്യ ഭക്ഷ്യ ധാന്യം നല്‍കും. ഒരാള്‍ക്ക് ഒരുകിലോ അരിയോ ഗോതമ്പോ നല്‍കും. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം കാര്‍ഡില്ലാത്തവര്‍ക്കും സംസ്ഥാന സര്‍ക്കാരുകളുടെ കാര്‍ഡില്ലാത്തവര്‍ക്കും ഭക്ഷ്യ ധാന്യം നല്‍കും. സംസ്ഥാന സര്‍ക്കാരുകളെ ഇതിനായി ചുമതലപ്പെടുത്തും. സംസ്ഥാനങ്ങള്‍ ഗുണഭോക്താക്കളെ നിശ്ചയിച്ച് വിതരണം ചെയ്യണം. ഇതിനായി സംസ്ഥാനങ്ങള്‍ക്ക് 3,500കോടി രൂപ നല്‍കും. 

സംസ്ഥാനങ്ങളില്‍ നിന്ന് മറ്റിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഏത് സ്ഥലത്ത് നിന്നും ഭക്ഷ്യ ധാന്യം വാങ്ങാം. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പാക്കും. മൂന്നുമാസത്തിനം 67കോടിപേര്‍ക്ക് ഇതിന്റെ ഗുണം ലഭ്യമാക്കും. 

നഗരങ്ങളില്‍ കുറഞ്ഞ വാടകയ്ക്ക് താമസ സൗകര്യം ഒരുക്കും. അമ്പതിനായിരത്തില്‍ താഴെയുള്ള മുദ്ര ശിശു ലോണ്‍ എടുത്തവര്‍ക്ക് ഒരു വര്‍ഷത്തേക്ക് രണ്ട് ശതമാനം പലിശ ഇളവ് നല്‍കും. ഇതോടെ മുദ്രാ വായ്പകള്‍ക്ക് 1,500കോടിയുടെ പലിശ ഇളവ് ലഭിക്കും. 

ആദിവാസികള്‍ക്കും ഗിരിവര്‍ഗക്കാര്‍ക്കും തൊഴിലവസരം കൂട്ടാനായി 6,000കോടി നല്‍കും. ഭവന നിര്‍മ്മാണ മേഖലയില്‍ 70,000കോടിയുടെ നിക്ഷേപം കൊണ്ടുവരും. ആറുമുതല്‍ 18 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവരുടെ ഭവനവായ്പ സബ്‌സിഡി ഒരുവര്‍ഷത്തേക്ക് നീട്ടും. രണ്ടര ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. 

കോവിഡ് കാലത്ത് സാധരണക്കാര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ചെയ്ത സഹായങ്ങള്‍ വ്യക്തമാക്കിയ ധനമന്ത്രി, കര്‍ഷകര്‍ക്കും ഗ്രാമീണ മേഖയ്ക്കും കോവിഡ് കാലത്ത് പണലഭ്യത ഉറപ്പാക്കിയെന്ന് വിശദീകരിച്ചു. 4.22ലക്ഷം കോടി രൂപയുടെ വായ്പ കര്‍ഷകര്‍ക്ക് നല്‍കി. മൂന്നുമാസം മോറട്ടോറിയം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കി. ഗ്രാമീണ മേഖലയ്ക്ക് 86,000 കോടി നല്‍കി. മൂന്നുകോടി കര്‍ഷകര്‍ക്ക് പലിശ കുറഞ്ഞ വായ്പ ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു. 

അതിഥി തൊഴിലാളികളെ സംരക്ഷിക്കാന്‍ 11,000 കോടി അനുവദിച്ചു. ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കി. സ്വയം സഹായ സംഘങ്ങള്‍ക്കായി പൈസ പോര്‍ട്ടല്‍ വഴി പണം നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി. 

എല്ലാവര്‍ക്കും മിനിമം വേതനം ലഭിക്കാനായി നിയമഭേദഗതി കൊണ്ടുവരും. കൂലിയിലെ പ്രാദേശിക അസന്തുലിതാവസ്ഥ അവസാനിപ്പിക്കും. ദേശീയ അടിസ്ഥാന വേതനം എന്ന സങ്കല്‍പ്പം പൂര്‍ത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അസംഘിടത തൊഴിലാളികള്‍ക്ക് സാമൂഹ്യ ക്ഷേമഫണ്ട് നടപ്പാക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com