എക്‌സ്പ്രസ്,  മെയില്‍, ശതാബ്ദി ട്രെയിന്‍ സര്‍വീസുകളും പുനരാരംഭിക്കുന്നു ?; ടിക്കറ്റ് ബുക്കിംഗ് 15 മുതലെന്ന് റിപ്പോര്‍ട്ട്

കണ്‍ഫേം ടിക്കറ്റ് ഇല്ലാതെ ആരെയും ട്രെയിനില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല
എക്‌സ്പ്രസ്,  മെയില്‍, ശതാബ്ദി ട്രെയിന്‍ സര്‍വീസുകളും പുനരാരംഭിക്കുന്നു ?; ടിക്കറ്റ് ബുക്കിംഗ് 15 മുതലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ മൂന്നാംഘട്ടം ഞായറാഴ്ച അവസാനിക്കാനിരിക്കെ, ശതാബ്ദി, മെയില്‍, എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ പുനരാരംഭിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ലോക്ക്ഡൗണ്‍ നാലാംഘട്ടത്തിലേക്ക് നീട്ടിയാലും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ട്രെയിന്‍ സര്‍വീസിന് റെയില്‍വേ തയ്യാറെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ സ്‌പെഷല്‍ ട്രെയിന്‍ എന്ന നിലയില്‍ ആയിരിക്കും ഇവയുടെ സര്‍വീസ് എ്ന്നാണ് സൂചന.

മെയ് 15 മുതല്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കാമെന്ന് വ്യക്തമാക്കി റെയില്‍വേ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. മെയ് 22 മുതല്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങുമെന്നാണ് സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നത്. വെയിറ്റിംഗ് ലിസ്റ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുമതിയുണ്ടെങ്കിലും പരിമിതമായ റിസര്‍വേഷന്‍ മാത്രമായിരിക്കും ഈ വിഭാഗത്തില്‍ ഉണ്ടായിരിക്കുക.

തേര്‍ഡ് എ.സിയില്‍ 100 വരെയും സെക്കന്‍ഡ് എസിയില്‍ 50 വരെയും സ്ലീപ്പര്‍ ക്ലാസില്‍ 200 വരെയും ചെയര്‍കാര്‍ ടിക്കറ്റില്‍ 100 വരെയും ഫസ്റ്റ് എസിയില്‍ 20 വരെയും വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകളാകും നല്‍കുക. സാമൂഹിക അകലം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആര്‍എസി ടിക്കറ്റ് അനുവദിക്കില്ല.

കണ്‍ഫേം ടിക്കറ്റ് ഇല്ലാതെ ആരെയും ട്രെയിനില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. ടിക്കറ്റ് കണ്‍ഫേം ആയില്ലെങ്കില്‍ മുഴുവന്‍ തുകയും യാത്രക്കാരന് മടക്കിനല്‍കും. കോവിഡ് 19 ലക്ഷണങ്ങളെ തുടര്‍ന്ന് യാത്ര റദ്ദുചെയ്യുന്നവര്‍ക്കും ടിക്കറ്റ് തുക മുഴുവന്‍ മടക്കിനല്‍കും. മെയ് പതിനഞ്ച് മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഈ മാറ്റങ്ങള്‍.

എന്നാല്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് റെയില്‍വേ ഇതുവരെ ഔദ്യോഗിക ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. തിങ്കളാഴ്ച സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പൊതുജനങ്ങള്‍ക്കായി കൂടുതല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനെ കുറിച്ച് സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇവയുടെ സ്‌റ്റോപ്പുകള്‍ കുറയ്ക്കുമെന്നും സൂചനയുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com