'കേന്ദ്ര മന്ത്രിയാണ്, ‌ക്വാറന്റൈൻ ബാധകമല്ല'- ഡൽഹിയിൽ നിന്ന് ബം​ഗളൂരുവിലെത്തിയ സദാനന്ദ ​ഗൗ‍ഡ

'കേന്ദ്ര മന്ത്രിയാണ്, ‌ക്വാറന്റൈൻ ബാധകമല്ല'- ഡൽഹിയിൽ നിന്ന് ബം​ഗളൂരുവിലെത്തിയ സദാനന്ദ ​ഗൗ‍ഡ
'കേന്ദ്ര മന്ത്രിയാണ്, ‌ക്വാറന്റൈൻ ബാധകമല്ല'- ഡൽഹിയിൽ നിന്ന് ബം​ഗളൂരുവിലെത്തിയ സദാനന്ദ ​ഗൗ‍ഡ

ബംഗളൂരു: മന്ത്രി ആയതിനാല്‍ തനിക്ക് ക്വാറന്റൈൻ ബാധകമല്ലെന്ന് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ. വിമാന മാര്‍ഗം കര്‍ണാടകയില്‍ എത്തുന്നവര്‍ ഏഴ് ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനില്‍ കഴിയണമെന്ന വ്യവസ്ഥ മന്ത്രിയെന്ന നിലയിൽ തനിക്ക് ബാധകമല്ലെന്ന് അദ്ദേഹം പറയുന്നു. ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതിന് പിന്നാലെ ന്യൂഡല്‍ഹിയില്‍ നിന്ന് വിമാന മാര്‍ഗം ബംഗളൂരുവിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. 

വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹം സ്വകാര്യ കാറില്‍ വീട്ടിലേക്ക് പോയി. അദ്ദേഹത്തിന്റെ കോവിഡ് 19 പരിശോധനാ ഫലം നെഗറ്റീവാണെന്നും അതിനാല്‍ കേന്ദ്രമന്ത്രി ഹോം ക്വാറന്റൈനില്‍ കഴിയുമെന്നും സദാനന്ദ ഗൗഡയുടെ സഹായി മാധ്യമങ്ങളെ അറിയിച്ചു. പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് കേന്ദ്ര മന്ത്രിയായ തനിക്ക് ക്വാറന്റൈൻ നിബന്ധനകള്‍ ബാധകമല്ലെന്ന് മന്ത്രി വ്യക്തമാക്കിയത്.

'ക്വാറന്റൈന്‍ നിബന്ധനകള്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒരുപോലെ ബാധകമാണ്. എന്നാല്‍ ചിലര്‍ക്ക് ഇളവുകളുണ്ട്. മന്ത്രിയെന്ന നിലയില്‍ തന്നെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നിബന്ധനകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനാല്‍ ക്വാറന്റൈനില്‍ പോകാത്തത് ഒരു പ്രശ്‌നമല്ല. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യസേതു ആപ്പ് ഞാന്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുമുണ്ട്'- സദാനന്ദ ഗൗഡ പറഞ്ഞു.

ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പിന്റെ തലവനെന്ന നിലയില്‍ രാജ്യത്ത് മരുന്നു ക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തേണ്ട ചുമതല തനിക്കാണ്. മരുന്നു ക്ഷാമം ഉണ്ടായാല്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയാകും. കോവിഡ് 19 നെതിരെ മുന്നില്‍ നിന്ന് പോരാടുന്ന ഡോക്ടര്‍മാരുടെ കാര്യം ആലോചിച്ചു നോക്കൂ. അവരെ ആരെങ്കിലും ക്വാറന്റൈന്‍ ചെയ്യുന്നുണ്ടോ? അതുപോലെ തന്നെ രാജ്യം മുഴുവന്‍ മരുന്നെത്തിക്കേണ്ട ചുമതല തനിക്കാണ്. മരുന്നെത്തിക്കുന്നവരെ ക്വാറന്റൈന്‍ ചെയ്താന്‍ കോറോണ വൈറസിനെതിരായ പോരാട്ടം നാം എങ്ങനെ നടത്തുമെന്നും കേന്ദ്ര മന്ത്രി ചോദിച്ചു.

ആഭ്യന്തര വിമാനങ്ങളില്‍ കര്‍ണാടകത്തില്‍ എത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനും ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനുമാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ തീവ്ര രോഗ ബാധിത സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ബിസിനസ് ആവശ്യങ്ങള്‍ക്കായി ഹ്രസ്വ സന്ദര്‍ശനത്തിന് എത്തുന്നവര്‍ അടക്കമുള്ളവരെ ക്വാറന്റൈന്‍ നിബന്ധനകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പരിശോധനാഫലം നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവരെയും ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കാമെന്ന് നിബന്ധനയിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com