വവ്വാലുകള്‍ കൂട്ടത്തോടെ ചത്തു വീണു, അപശകുനമെന്ന് നാട്ടുകാര്‍: ആശങ്ക

വവ്വാലുകള്‍ കൂട്ടത്തോടെ ചത്തു വീണു, അപശകുനമെന്ന് നാട്ടുകാര്‍: ആശങ്ക
വവ്വാലുകള്‍ കൂട്ടത്തോടെ ചത്തു വീണു, അപശകുനമെന്ന് നാട്ടുകാര്‍: ആശങ്ക

ഗരഖ്പുര്‍: ഉത്തര്‍പ്രദേശില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണതില്‍ ആശങ്ക. ഒരു മണിക്കൂര്‍ നേരം കൊണ്ട് 52 വവ്വാലുകളാണ് ബേല്‍ഘട്ടില്‍ ചത്തു വീണത്.

പങ്കജ് സാഹി എന്നയാളാണ് വവ്വാലുകള്‍ ചത്തു വീണത് ആദ്യം കണ്ടത്. ഇദ്ദേഹം ഉടന്‍ തന്നെ നാട്ടുകാരെയും വനംവകുപ്പ് അധികൃതരെയും വിവരം അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴേക്കും കൂടുതല്‍ വവ്വാലുകള്‍ ചത്തുവീണു. ഒര മണിക്കൂര്‍ സമയം കൊണ്ട് 52 വവ്വാലുകള്‍ ചത്തതായി സാഹി പറഞ്ഞു.

കൊറോണയുടെ പശ്ചാത്തലത്തില്‍ വവ്വാലുകള്‍ ചത്തുവീണത് ജനങ്ങളില്‍ ആശങ്ക പടര്‍ത്തി. കൊറോണ മനുഷ്യരിലേക്കു വ്യാപിച്ചത് വവ്വാലുകളില്‍നിന്നാണെന്ന് പത്രത്തില്‍ വായിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ വവ്വാലുകള്‍ ചത്തതിനെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും നാട്ടുകാരനായ അശോക് വര്‍മ പറഞ്ഞു. ചൂടു മൂലം ആവാം വവ്വാലുകള്‍ ചത്തതെന്നാണ് വനംവകുപ്പ് പറയുന്നത്. തന്റെ ജീവിതകാലത്ത് ഇതിനേക്കാള്‍ ചൂടു കൂടിയ വര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അന്നൊന്നും വവ്വാലുകള്‍ ചത്തിട്ടില്ലെന്നും വര്‍മ പറഞ്ഞു.

ഉഷ്ണ തരംഗമോ കീടനാശിനിയോ ആവാം വവ്വാലുകള്‍ ചത്തു വീണതിനു കാരണമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വവ്വാലുകളുടെ ശരീരം വിശദ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

അതേസമയം വവ്വാലുകള്‍ ലക്ഷ്മീദേവിയുടെ പ്രതീകമാണെന്നും അവ ചത്തുവീഴുന്നത് അപശകുനമാണെന്നും മത നേതാക്കള്‍ പറഞ്ഞു. ജനങ്ങള്‍ പൂജകള്‍ ചെയ്തും പ്രാര്‍ഥിച്ചും പരിഹാരം ചെയ്യണമെന്നാണ് അവരുടെ പക്ഷം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com