കുടിയേറ്റത്തൊഴിലാളികളില്‍നിന്നു യാത്രാക്കൂലി വാങ്ങരുത്, ഭക്ഷണവും വെള്ളവും ഉറപ്പാക്കണം: സുപ്രീം കോടതി

യാത്ര തുടങ്ങുന്ന റെയില്‍വേ സ്‌റ്റേഷനുകളില്‍ അതതു സംസ്ഥാനങ്ങള്‍ ഭക്ഷണവും വെള്ളവും നല്‍കണം. യാത്രാ വേളയില്‍ റെയില്‍വേയ്ക്കാണ് ഇതിന്റെ ഉത്തരവാദിത്വം
കുടിയേറ്റത്തൊഴിലാളികളില്‍നിന്നു യാത്രാക്കൂലി വാങ്ങരുത്, ഭക്ഷണവും വെള്ളവും ഉറപ്പാക്കണം: സുപ്രീം കോടതി

ന്യൂഡല്‍ഹി: ലോക്ക് ഡൗണിനിടെ പലയിടങ്ങളിലായി കുടുങ്ങിപ്പോയ കുടിയേറ്റത്തൊഴിലാളികളില്‍നിന്നു യാത്രാക്കൂലി ഈടാക്കരുതെന്ന് സുപ്രീം കോടതി. അവര്‍ക്കു ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവില്‍ കോടതി നിര്‍ദേശിച്ചു.

തൊഴിലാളികള്‍ കുടുങ്ങിപ്പോയ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും അവര്‍ക്കു ഭക്ഷണവും വെള്ളവും നല്‍കണം. ബസിലോ ട്രെയിനിലോ യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതു വരെ ഇതു തുടരണമെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു.

യാത്ര തുടങ്ങുന്ന റെയില്‍വേ സ്‌റ്റേഷനുകളില്‍ അതതു സംസ്ഥാനങ്ങള്‍ ഭക്ഷണവും വെള്ളവും നല്‍കണം. യാത്രാ വേളയില്‍ റെയില്‍വേയ്ക്കാണ് ഇതിന്റെ ഉത്തരവാദിത്വം. ബസില്‍ സഞ്ചരിക്കുന്നവര്‍ക്കും ഭക്ഷണം നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്ത് അവര്‍ക്ക് എത്രയും വേഗം യാത്രാ സൗകര്യം ലഭിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണം. ഇക്കാര്യങ്ങള്‍ പരസ്യപ്പെടുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

തൊഴിലാളികളെ സഹായിക്കാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും എന്താണ് ചെയ്തതെന്ന് നേരത്തെ കോടതി ആരാഞ്ഞിരുന്നു. കുടുങ്ങിപ്പോയവര്‍ക്കായി ഭക്ഷണം, താമസ സൗകര്യം, ഗതാഗതം തുടങ്ങിയ കാര്യങ്ങളില്‍ എന്തു ചെയ്തുവെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കിഷന്‍ കൗള്‍, എംആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്തയോട് അന്‍പതോളം ചോദ്യങ്ങളാണ് മൂന്നംഗ ബെഞ്ച് ചോദിച്ചത്.

കുടിയേറ്റ തൊഴിലാളികള്‍ രജിസ്‌ട്രേഷന് ശേഷം നാട്ടിലേക്ക് പോകാന്‍ വൈകുന്നത് എന്തുകൊണ്ടാണെന്ന് ബെഞ്ച് ആരാഞ്ഞു. അവരോട് യാത്രയ്ക്ക് പണം ആവശ്യപ്പെട്ടിരുന്നോ? സംസ്ഥാനങ്ങള്‍ പണം നല്‍കുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. തൊഴിലാളി പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രം നടപടി സ്വീകരിച്ചുവെന്നതില്‍ കോടതിക്ക് തര്‍ക്കമില്ല. എന്നാല്‍ സഹായം ആവശ്യമുള്ളവര്‍ക്ക് അത് ലഭിച്ചിട്ടില്ല. സംസ്ഥാനങ്ങളും ഒന്നും ചെയ്യുന്നില്ല. ടിക്കറ്റ് നിരക്കില്‍ വ്യക്തതയില്ലെന്നും കോടതി പറഞ്ഞു.

എഫ്‌സിഐ ഗോഡൗണുകളില്‍ ഭക്ഷ്യധാന്യം കെട്ടിക്കിടന്നിട്ടും എന്തുകൊണ്ട് തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല? എല്ലാവരേയും ഒന്നിച്ച് കൊണ്ടുപോവാനാവില്ലെന്ന പ്രശ്‌നം ഞങ്ങള്‍ അംഗീകരിക്കുന്നു. എന്നാല്‍ യാത്ര ഉറപ്പാവുന്നതുവരെ എല്ലാവര്‍ക്കും ഭക്ഷണവും താമസസൗകര്യവും നല്‍കണം. തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ എത്ര സമയം വേണമെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

മെയ് ഒന്ന് മുതല്‍ 91 ലക്ഷം കുടിയേറ്റത്തൊഴിലാളികളെ ശ്രമിക് പ്രത്യേക ട്രെയിനുകളില്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് തിരിച്ചെത്തിച്ചുവെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com