'കഷ്ടപ്പാട് വിറ്റ് കാശാക്കി', കോവിഡ് ദുരിതം കാണിച്ച് യൂട്യൂബില്‍ വിഡിയോ, സംഭാവന കൂമ്പാരമായി, ലക്ഷങ്ങളുമായി യൂട്യൂബര്‍ മുങ്ങി, പരാതിയുമായി 80കാരന്‍- വിഡിയോ

കോവിഡ് കാലത്തെ ദുരിതം യൂട്യൂബില്‍ പങ്കുവെച്ച് സുമനസ്സുകളില്‍ നിന്ന് സംഭാവനയായി സമാഹരിച്ച പണത്തില്‍ ക്രമക്കേട് കാട്ടി എന്ന് കാണിച്ച് യൂട്യൂബര്‍ക്കെതിരെ ധാബയുടെ ഉടമയുടെ പരാതി
'കഷ്ടപ്പാട് വിറ്റ് കാശാക്കി', കോവിഡ് ദുരിതം കാണിച്ച് യൂട്യൂബില്‍ വിഡിയോ, സംഭാവന കൂമ്പാരമായി, ലക്ഷങ്ങളുമായി യൂട്യൂബര്‍ മുങ്ങി, പരാതിയുമായി 80കാരന്‍- വിഡിയോ

ന്യൂഡല്‍ഹി: കോവിഡ് കാലത്തെ ദുരിതം യൂട്യൂബില്‍ പങ്കുവെച്ച് സുമനസ്സുകളില്‍ നിന്ന് സംഭാവനയായി സമാഹരിച്ച പണത്തില്‍ ക്രമക്കേട് കാട്ടി എന്ന് കാണിച്ച് യൂട്യൂബര്‍ക്കെതിരെ ധാബയുടെ ഉടമയുടെ പരാതി.യൂട്യൂബര്‍ ഗൗരവ് വാസനെതിരെ ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ധാബയായ ബാബാ കാ ധാബയാണ് പൊലീസില്‍ പരാതി നല്‍കിയത്.  

കോവിഡ് കാലത്ത് കച്ചവടം നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ ബാബാ കാ ധാബയുടെ ഉടമ കാന്താ പ്രസാദിന്റെയും കുടുംബത്തിന്റെയും ദുരിതജീവിതമാണ് യൂട്യൂബര്‍ ഗൗരവ് വാസന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഒക്ടോബര്‍ ഏഴിന് പ്രചരിച്ച വീഡിയോയ്ക്ക് വലിയ തോതിലുള്ള പ്രതികരണമാണ് ലഭിച്ചത്. മൂന്ന് പതിറ്റാണ്ടായി ദക്ഷിണ ഡല്‍ഹിയിലെ മാള്‍വിയ നഗറില്‍ പ്രവര്‍ത്തിക്കുന്ന ബാബാ കാ ധാബയുടെ കഷ്ടപ്പാടുകള്‍ കണ്ട നിരവധിപ്പേര്‍ സഹായവുമായി രംഗത്തുവന്നു. ഇത്തരത്തില്‍ സംഭാവന എന്ന പേരില്‍ സ്വരൂപിച്ച പണത്തില്‍ യൂട്യൂബര്‍ ക്രമക്കേട് നടത്തി എന്നതാണ് പരാതി.

ഗൗരവ് വാസന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് സംഭാവനയായി വന്ന പണം വരവുവെച്ചത്.ഗൗരവ് വാസന്റെയും ഭാര്യയുടെയും സഹോദരന്റെയും ബാങ്ക് അക്കൗണ്ടുകള്‍ വഴി പണം വകമാറ്റിയതായി കാന്താ പ്രസാദ് പരാതിയില്‍ ആരോപിക്കുന്നു.

യൂട്യൂബ് വീഡിയോ കണ്ട് നിരവധിപ്പേര്‍ കടയില്‍ വന്നാണ് പണം സംഭാവനയായി നല്‍കിയത്. ഇത്തരത്തില്‍ 75000 രൂപ ലഭിച്ചു. ഇത് മുഴുവന്‍ ബാങ്കില്‍ കൊണ്ടുപോയി നിക്ഷേപിക്കാന്‍ വാസന്‍ നിര്‍ദേശിച്ചു. കൈയില്‍ ഇരിക്കുന്നത് അപകടമാണ് എന്ന് പറഞ്ഞാണ് ബാങ്കില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചത്.

ധാബയുടെ പേരു പറഞ്ഞ് രണ്ടുലക്ഷം രൂപ വാങ്ങിയതായി യൂട്യൂബര്‍ പറഞ്ഞതായി കാന്താ പ്രസാദ് പറയുന്നു. എന്നാല്‍ പണം ലഭിച്ചതിന്റെ രസീത് തനിക്ക് ഇതുവരെ കൈമാറിയില്ല. ഇതേ തുടര്‍ന്നാണ് വഞ്ചന, ക്രിമിനല്‍ ഗൂഡാലോചന, സാമ്പത്തിക ക്രമക്കേട് എന്നി കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി പരാതി നല്‍കിയതെന്നും കാന്താ പ്രസാദ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com