ബിഹാര്‍ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ടത്തില്‍ 53.51 ശതമാനം പോളിങ്

വോട്ട് രേഖപ്പെടുത്തിയ ശേഷം മടങ്ങുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍/ ചിത്രം: പിടിഐ
വോട്ട് രേഖപ്പെടുത്തിയ ശേഷം മടങ്ങുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍/ ചിത്രം: പിടിഐ

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ 53.51 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളിലാണ് കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ട് ചൊവ്വാഴ്ച രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങളില്‍ ഏറ്റവും വലുത് ഇന്ന് നടന്ന വോട്ടെടുപ്പ് ആയിരുന്നു.

മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് എന്നിവരാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടിയ പ്രമുഖര്‍. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ തേജസ്വി രാഘോപുര്‍ മണ്ഡലത്തിലാണ് മത്സരിച്ചത്. മഹുവയിലെ സിറ്റിങ് എംഎല്‍എ ആയ തേജ് പ്രതാപ് ഹസന്‍പുറിലാണ് മത്സരിച്ചത്. 2.86 കോടി വോട്ടര്‍മാരാണ് രണ്ടാംഘട്ടത്തില്‍ വോട്ടവകാശം വിനിയോഗിച്ചത്. 

പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തിയ യുവതി/ചിത്രം: പിടിഐ
 

1464 സ്ഥാനാര്‍ഥികള്‍ ഇന്ന് ജനവിധി തേടി. ബിജെപി 46, ജനതാദള്‍ (യുണൈറ്റഡ്) 43, ആര്‍ജെഡി 56, കോണ്‍ഗ്രസ് 24 എന്നിങ്ങെയാണ് വിവിധ പാര്‍ട്ടികളില്‍നിന്ന് ഇന്ന് ജനവിധി തേടിയവരുടെ എണ്ണം. എന്‍ഡിഎയുടെ ഭാഗമായ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) യുടെ അഞ്ച് സ്ഥാനാര്‍ഥികളും മത്സര രംഗത്തുണ്ടായിരുന്നു. മഹാസഖ്യത്തിന്റെ ഭാഗമായ മൂന്ന് ഇടത് പാര്‍ട്ടികള്‍ (സിപിഐ എംഎല്‍ ആറ്, സിപിഎമ്മും സിപിഐയും നാലുവീതം) 14 സീറ്റുകളിലാണ് മത്സരിച്ചത്. 

പോളിങ് സ്‌റ്റേഷന് മുന്നിലെ വലിയ നിര/ചിത്രം: പിടിഐ
 

ഒന്നാംഘട്ട വോട്ടെടുപ്പ് 71 മണ്ഡലങ്ങളില്‍ ഒക്ടോബര്‍ 28 നാണ് നടന്നത്. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ ഒന്നാം ഘട്ടത്തിലും സ്വീകരിച്ചിരുന്നു. നവംബര്‍ ഏഴിനാണ് മൂന്നാംഘട്ടം. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com