ന്യൂഡല്‍ഹി: പലചരക്ക് കടയുടെ മുന്നില്‍ മൂത്രം ഒഴിച്ചതിനെ ചൊല്ലിയുള്ള അടിപിടിയില്‍ 28കാരന് കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 34 വയസുകാരനായ ജഗ്ജീത്ത് സിങ്ങാണ് രണ്ടു സഹോദരന്മാര് നടത്തുന്ന പലചരക്കു കടയുടെ മുന്നില്‍ മൂത്രം ഒഴിച്ചത്. ഇത് വാക്കുതര്‍ക്കത്തിന് കാരണമായി. തുടര്‍ന്ന് സ്ഥലത്ത് നിന്ന് പോയ ജഗ്ജീത്ത് സിങ് മറ്റു സുഹൃത്തുക്കളുമായി മടങ്ങിയെത്തി. ഇതിന് പിന്നാലെ നടന്ന അടിപിടിയിലാണ് 28കാരനായ അമന്‍ദീപ് സിങ് കൊല്ലപ്പെട്ടത്.
അടിപിടിക്കിടെ ജഗ്ജീത്ത് സിങ്ങിനെ കടയുടമകളും അവിടെ തടിച്ചൂകൂടിയ മറ്റു ചിലരും ചേര്‍ന്ന് പിടികൂടി. ഈസമയത്ത് ജഗ്ജീത്ത് സിങ്ങിന്റെ സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അമന്‍ദീപ് സിങ് വീണ് അബോധാവസ്ഥയിലായി. ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചതായി പൊലീസ് പറയുന്നു. അമന്‍ദീപ് സിങ്ങിന്റെ പിന്‍ഭാഗത്തേറ്റ അടിയാണ് മരണ കാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി പൊലീസ് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ