'കമ്പ്യൂട്ടര്‍ ബാബ'യുടെ ആശ്രമം അധികൃതര്‍ പൊളിച്ചുനീക്കി; പ്രതികാര നടപടിയെന്ന് കോണ്‍ഗ്രസ് 

മധ്യപ്രദേശില്‍ 'കമ്പ്യൂട്ടര്‍ ബാബ'യുടെ ആശ്രമം അധികൃതര്‍ പൊളിച്ചുമാറ്റി
'കമ്പ്യൂട്ടര്‍ ബാബ'യുടെ ആശ്രമം അധികൃതര്‍ പൊളിച്ചുനീക്കി; പ്രതികാര നടപടിയെന്ന് കോണ്‍ഗ്രസ് 

ഭോപ്പാല്‍: മധ്യപ്രദേശില്‍ 'കമ്പ്യൂട്ടര്‍ ബാബ'യുടെ ആശ്രമം അധികൃതര്‍ പൊളിച്ചുമാറ്റി. ആശ്രമത്തിലെ കയ്യേറ്റം ഒഴിപ്പിക്കുന്ന ഇന്‍ഡോര്‍ ജില്ലാ ഭരണകൂടത്തിന്റെ നടപടി തടയാന്‍ ശ്രമിച്ച കേസില്‍ മുന്‍ മന്ത്രി കൂടിയായ വിവാദ ആള്‍ദൈവം ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റിലായി. ഉപതെരഞ്ഞെടുപ്പില്‍ തങ്ങളുടെ പാര്‍ട്ടിയെ പിന്തുണച്ചതിന് സര്‍ക്കാര്‍ പ്രതികാരനടപടി സ്വീകരിക്കുകയാണെന്ന്് കോണ്‍ഗ്രസ് ആരോപിച്ചു.

ജംബുഡി ഹപ്‌സി ഗ്രാമത്തില്‍ സര്‍ക്കാര്‍ ഭൂമിയിലാണ് ആശ്രമം പണിതതെന്ന് എഡിഎം പറയുന്നു. 'കമ്പ്യൂട്ടര്‍ ബാബ' എന്ന പേരിലറിയപ്പെടുന്ന നംദേവ് ത്യാഗിയും അനുയായികളുമാണ് കയ്യേറ്റം ഒഴിപ്പിക്കുന്ന നടപടി തടയാന്‍ ശ്രമിച്ചതിനാണ് കസ്റ്റഡിയിലായത്. സര്‍ക്കാരിന്റെ 40 ഏക്കര്‍ ഭൂമിയില്‍ നിയമവിരുദ്ധമായി പണിത ആശ്രമം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ നംദേവ് ത്യാഗിക്ക് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ആശ്രമം പൊളിച്ചുമാറ്റിയത്.

2018ല്‍ ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരില്‍ നിന്ന് നംദേവ് ത്യാഗി മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.തുടര്‍ന്ന് കോണ്‍ഗ്രസിനെ പിന്തുണച്ച് വരികയായിരുന്നു. മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ആശ്രമം പൊളിച്ചുമാറ്റിയത്. 

ത്യാഗിക്ക് നോട്ടീസ് നല്‍കി രണ്ട് മാസത്തിന് ശേഷം ഇന്‍ഡോര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ഈ സ്ഥലം വൃത്തിയാക്കിയിരുന്നു. ഗോ സംരക്ഷണ കേന്ദ്രത്തിനായി മാറ്റിവെച്ച സ്ഥലമാണിതെന്ന് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അജയ് ദേവ് ശര്‍മ്മ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com