കസ്റ്റഡിയിലിരിക്കെ മൊബൈല്‍ ഉപയോഗിച്ചു; അര്‍ണബ് ഗോസ്വാമിയെ ജയിലിലേക്ക് മാറ്റി

ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ നവി മുംബൈയിലെ തലോജ ജയിലിലേക്ക് മാറ്റി.
അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തുകൊണ്ടു പോകുന്നു/ ചിത്രം: പിടിഐ
അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തുകൊണ്ടു പോകുന്നു/ ചിത്രം: പിടിഐ

മുംബൈ: ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ നവി മുംബൈയിലെ തലോജ ജയിലിലേക്ക് മാറ്റി. ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന അര്‍ണബ് അലിബാഗിലെ സ്‌കൂളില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഇവിടെ വെച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് റായ്ഗഡ് പൊലീസ് ഞായറാഴ്ച രാവിലെ ജയിലിലേക്ക് മാറ്റിയത്. അര്‍ണബിന് ഫോണ്‍ ലഭിച്ചത് സംബന്ധിച്ചുള്ള അന്വേഷണം നടക്കുന്നുണ്ടെന്ന് മുംബൈ പൊലീസ് അറിയിച്ചു.തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അര്‍ണബ് ജയിലിലേക്ക് മാറ്റുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട 2018ലെ കേസിന്റെ പേരിലാണ് അര്‍ണബിനെ പൊലീസ് ബുധനാഴ്ച മുംബൈയിലെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. അര്‍ണബിന്റെ ജാമ്യാപേക്ഷയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരുന്നു. കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി ജാമ്യത്തിന് സെഷന്‍സ് കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാരോട് ആവശ്യപ്പെട്ടു.

പ്രതിഫലക്കുടിശ്ശിക കിട്ടാത്തതിനെത്തുടര്‍ന്ന് ഇന്റീരിയര്‍ ഡിസൈനര്‍ അന്വയ് നായിക്കും അമ്മ കുമുദും ആത്മഹത്യ ചെയ്ത കേസില്‍ പോലീസ് പുരന്വേഷണം നടത്തിയത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും അതുകൊണ്ടുതന്നെ അറസ്റ്റ് നിയമവിരുദ്ധമാണെന്നുമുള്ള വാദമാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയും നടന്ന വാദങ്ങളില്‍ അര്‍ണബിനുവേണ്ടി ഹാജരായ അഭിഭാഷകരായ ഹരീഷ് സാല്‍വേയും ആബാദ് പോണ്ഡയും ഉയര്‍ത്തിയത്. 

എന്നാല്‍, പരാതിക്കാരിയായ അദ്‌നിയ നായിക്കിന്റെ ഭാഗം കേള്‍ക്കാതെയാണ് മജിസ്‌ട്രേറ്റ് കോടതി അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി നല്‍കിയതെന്നും റിപ്പബ്ലിക് ടി വിയുടെ പ്രസ്താവനയിലൂടെയാണ് അന്വയിന്റെ കുടുംബം ഇക്കാര്യം അറിഞ്ഞതെന്നും അവരുടെ അഭിഭാഷകന്‍ സുബോധ് ദേസായി ചൂണ്ടിക്കാണിച്ചു. ഉന്നത സ്വാധീനമുള്ള പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com