അതിവേഗം കുതിച്ച് മഹാസഖ്യം; ലീഡ് നൂറു കടന്നു

അതിവേഗം കുതിച്ച് മഹാസഖ്യം; ലീഡ് നൂറു കടന്നു

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആര്‍ഡെജി- കോണ്‍ഗ്രസ് പാര്‍ട്ടികള്‍ നയിക്കുന്ന മഹാസഖ്യത്തിന് മുന്നേറ്റം

പറ്റ്ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആര്‍ഡെജി- കോണ്‍ഗ്രസ് പാര്‍ട്ടികള്‍ നയിക്കുന്ന മഹാസഖ്യത്തിന് മുന്നേറ്റം. ആദ്യ സൂചനകള്‍ പ്രകാരം മഹാസഖ്യം 107 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. എന്‍ഡിഎ 70 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നു. മഹാസഖ്യത്തിനൊപ്പം മത്സരിക്കുന്ന ഇടതു പാര്‍ട്ടികള്‍ ഏഴിടത്ത് ലീഡ് ചെയ്യുന്നു.

രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. 38 ജില്ലകളിലായി 55 കൗണ്ടിംഗ് സെന്ററുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ മണ്ഡലങ്ങള്‍ ഉള്ള ജില്ലകളില്‍ പരമാവധി മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ആദ്യ ട്രെന്റിങ് പത്തുമണിയോടെ ലഭ്യമാകും. ഉച്ചയോടെ ബിഹാര്‍ ആര് ഭരിക്കുമെന്ന് വ്യക്തമാകും.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 19 കമ്പനി കേന്ദ്രസേനയെയും ക്രമസമാധാന പാലനത്തിനായി 59 കമ്പനി കേന്ദ്രസേനയേയും നിയോഗിച്ചിട്ടുണ്ട്. ബിഹാറിലെ 243 സീറ്റുകളിലേക്കായി ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലായി മൂന്ന് ഘട്ടങ്ങളിലാാണ് വോട്ടെടുപ്പ് നടന്നത്. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

ഇക്കുറി 56.19 ശതമാനം പോളിംഗാണ് ബിഹാറില്‍ രേഖപ്പെടുത്തിയത്. ഉയര്‍ന്ന പോളിംഗ് ശതമാനം ഇക്കുറി അനുകൂലമാകുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതീക്ഷ. ആര്‍ജെഡിയും കോണ്‍ഗ്രസും നയിക്കുന്ന മഹാസഖ്യത്തിന് വലിയ ഭൂരിപക്ഷമാണ് ഒട്ടുമിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചിട്ടുള്ളത്.

മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ രാഷ്ട്രീയഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. തന്റെ അവസാന തെരഞ്ഞെടുപ്പാണ് ഇതെന്ന് പ്രചാരണത്തിനിടയില്‍ നിതീഷ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ പാര്‍ട്ടിയായ എല്‍ജെപിയുടെ പ്രകടനവും ബിജെപി-ജെഡിയു സഖ്യത്തിന് നിര്‍ണായകമാണ്. കോവിഡ് പ്രതിസന്ധിക്കിടെ നടന്ന ആദ്യ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയ പ്രാധാന്യവും ബിഹാര്‍ തെരഞ്ഞെടുപ്പ് നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com