പുലര്‍ച്ചെ കുടിലിന് മുന്‍പില്‍ പുലിക്കുട്ടി, ഗ്രാമം  ഒറ്റക്കെട്ടായി, അമ്മപ്പുലിയുമായുള്ള പുനഃസമാഗമത്തിന്റെ കഥ

ഒരു ഗ്രാമം ഒന്നടങ്കം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചപ്പോള്‍ അമ്മപ്പുലിയും കുഞ്ഞുമായുള്ള പുനഃസമാഗമത്തിന് മണിക്കൂറുകള്‍ക്കകം ഫലം കണ്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ഒരു ഗ്രാമം ഒന്നടങ്കം ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചപ്പോള്‍ അമ്മപ്പുലിയും കുഞ്ഞുമായുള്ള പുനഃസമാഗമത്തിന് മണിക്കൂറുകള്‍ക്കകം ഫലം കണ്ടു. രാവിലെ അമ്മപ്പുലിയില്‍ നിന്ന് അകന്നുപോയ കുഞ്ഞിനെ രാത്രിയോടെ ഒരുമിപ്പിച്ചാണ് ആദിവാസി ഗ്രാമം സഹകരിച്ചത്. പലപ്പോഴും പുലി ഭീതിയില്‍ നാട്ടുകാര്‍ സഹകരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് പതിവ്. എന്നാല്‍ വന്യമൃഗങ്ങളുടെ ഇടയില്‍ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്ന മഹാരാഷ്ട്രയിലെ ഈ ആദിവാസി ഗ്രാമം ഇരുവരെയും ഒരുമിപ്പിക്കുന്നതിന് ഒറ്റക്കെട്ടായി നിലക്കൊള്ളുകയായിരുന്നു.

മുംബൈയില്‍ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിന് സമീപമുള്ള ആദിവാസി ഗ്രാമത്തിലാണ് നാലുമാസം പ്രായമുള്ള പുലിക്കുട്ടിയെ കണ്ടെത്തിയത്. ആദിവാസി കുടിലിന്റെ വെളിയില്‍ പുലര്‍ച്ചെയാണ് പുലിക്കുട്ടിയെ ഗ്രാമവാസികള്‍ കണ്ടത്. വന്യജീവികളുമായുള്ള ഇടപെടല്‍ പതിവായത് കൊണ്ട് ഗ്രാമവാസികള്‍ക്ക് ഇതില്‍ ഭയം തോന്നിയില്ല. ഇവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. 

വനംവകുപ്പിന്റെ റാപിഡ് റെസ്‌പോണ്‍സ് സംഘം സ്ഥലത്തെത്തി പുലിക്കുട്ടി
ക്ക് വൈദ്യസഹായം ഉറപ്പാക്കി. തുടര്‍ന്ന് സുരക്ഷിതമായ സ്ഥാനത്തേയ്ക്ക് പുലിക്കുട്ടിയെ കൊണ്ടുപോയി.തീറ്റ തേടി കുഞ്ഞുങ്ങളുമായി അമ്മപ്പുലി ഇത്തരത്തിലുള്ള വനത്തോട് ചേര്‍ന്നുള്ള ഗ്രാമങ്ങള്‍ക്ക് ചുറ്റും അലയുന്നത് പതിവാണെന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ മയൂര്‍ കാമത്ത് പറയുന്നു. അത്തരത്തില്‍ അമ്മപ്പുലിയോടൊപ്പം നടക്കുന്നതിനിടെ കൂട്ടം തെറ്റി എത്തിയതാകാമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

തുടര്‍ന്ന് അമ്മപ്പുലിയെയും പുലിക്കുട്ടിയെയും ഒരുമിപ്പിക്കാനുള്ള ശ്രമങ്ങള്‍ വനംവകുപ്പ് ആരംഭിച്ചു. ഭീതി കാരണം ഇത്തരത്തിലുള്ള ശ്രമങ്ങള്‍ക്ക് എതിര്‍പ്പ് പ്രകടിപ്പിക്കുന്നതാണ് നാട്ടുകാരുടെ പതിവ് രീതി. എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അതുപോലെ അനുസരിച്ച് പുനഃസമാഗമത്തിനുള്ള വഴിയൊരുക്കി ആദിവാസി ഗ്രാമം.  കുടിലുകളില്‍ തന്നെ കഴിച്ചുകൂട്ടിയാണ് ആദിവാസി കുടുംബങ്ങള്‍ സഹകരിച്ചത്. 

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പുനഃസമാഗമം എളുപ്പമാക്കിയത്. നൂറ് മീറ്റര്‍ അകലെ വച്ചാണ് പുലിക്കുട്ടികൂട്ടംതെറ്റിയത് എന്ന് കണ്ടെത്തി. തുടര്‍ന്ന് അവിടെ കൊണ്ടുപോയി പുലിക്കുട്ടിയെ വിട്ടു. രാത്രിയോടെ തളളപ്പുലി എത്തി കുഞ്ഞിനെയും എടുത്തുകൊണ്ടുപോയതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com