ബിഹാറില്‍ നിതീഷ് കുമാര്‍ മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും ; ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ; സുശീല്‍ മോഡിയില്ല

നാലാം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്
ഫയല്‍ ചിത്രം (pti)
ഫയല്‍ ചിത്രം (pti)

പറ്റ്‌ന : ബിഹാറില്‍ ജെഡിയു നേതാവ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകീട്ട് നാലിന് രാജ്ഭവനില്‍ വെച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സത്യപ്രതിജ്ഞ നടക്കുക. നാലാം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്. 

സത്യപ്രതിജ്ഞാ ചടങ്ങില്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ, ബിജെപി ദേശയ അധ്യക്ഷന്‍ ജെ പി നദ്ദ തുടങ്ങിയവര്‍ സംബന്ധിക്കും. ഇന്നലെ ചേര്‍ന്ന എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് നിതീഷ് കുമാറിനെ നേതാവായി തെരഞ്ഞെടുത്തത്. 

സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായ ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കും. സ്പീക്കര്‍ പദവിയും ബിജെപിക്കാണ്. ഇന്നലെ രാത്രി നിതീഷ് കുമാറും ബിജെപി നേതാക്കളുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. 

ഉപമുഖ്യമന്ത്രിമാരായ ബിജെപി നേതാക്കളായ താര്‍കിഷോര്‍ പ്രസാദും രേണുദേവിയും നിയമിതരാകുമെന്നാണ് റിപ്പോര്‍ട്ട്. കറ്റിഹാറില്‍ നിന്നുള്ള എംഎല്‍എയായ താരകിഷോര്‍ പ്രസാദ് ദളിത് വിഭാഗത്തില്‍ നിന്നുള്ളയാളാണ്. ബേട്ടിയ എംഎല്‍എയാണ് രേണുദേവി. 

ഇനന്‌ലെ ചേര്‍ന്ന പാര്‍ട്ടി എംഎല്‍എമാരുടെ യോഗമാണ് താരകിഷോര്‍പ്രസാദിനെ പാര്‍ട്ടി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. രേണുദേവിയെ ഉപനേതാവായും തെരഞ്ഞെടുത്തു. നിലവിലെ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോഡി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുമെന്നാണ് സൂചന. 

2005 മുതല്‍ സുശീല്‍ കുമാര്‍ മോഡി നിതീഷ് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയാണ്. ഇത്തവണയും സുശീല്‍ മോഡി ഉപമുഖ്യമന്ത്രിയാകട്ടെ എന്ന നിര്‍ദേശം നിതീഷ് കുമാര്‍ ബിജെപി നേതൃത്വത്തിന് മുന്നില്‍ വെച്ചെങ്കിലും പരിഗണിച്ചില്ല. പകരം യുപി മാതൃകയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com