കാമുകിയെ കഴുത്തു ഞെരിച്ച് കൊന്നു, കിടക്കയ്ക്കുള്ളില്‍ ഒളിപ്പിക്കാനുള്ള ശ്രമം പാളി ; രക്ഷപ്പെടാന്‍ ടിവി സീരിയല്‍ മാതൃകയാക്കി ; യുവാവ് പിടിയില്‍

കൊലപാതകത്തിനു ശേഷം മേഘാലയിലെ ഷില്ലോങ്ങിലേക്ക് കടക്കാന്‍ പദ്ധതിയിടുന്നതിന് ഇടയിലായിരുന്നു പിടിയിലായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി : കാമുകിയെ കൊലപ്പെടുത്തിയ ശേഷം ടെലിവിഷന്‍ സീരിയല്‍ മാതൃകയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. ഡല്‍ഹി കുത്തബ് വിഹാര്‍ സ്വദേശി സതീഷ് കുമാര്‍ (28)ആണ് പൊലീസ് പിടിയിലായത്. ഗുരുഗ്രാമില്‍ സതീഷിനൊപ്പം ജോലി ചെയ്തിരുന്ന ദിഷു കുമാരിയാണ് സൗത്ത്‌വെസ്റ്റ് ഡല്‍ഹിയില്‍ കൊല്ലപ്പെട്ടത്.

കൊലപാതകത്തിനു ശേഷം ആഗ്ര, ലക്‌നൗ, ബിഹാര്‍ എന്നിവടങ്ങളിലൂടെ അസമിലെത്തിയ സതീഷ് കുമാര്‍ മേഘാലയിലെ ഷില്ലോങ്ങിലേക്ക് കടക്കാന്‍ പദ്ധതിയിടുന്നതിന് ഇടയിലായിരുന്നു പിടിയിലായത്. ഭാര്യയും രണ്ടു വയസ്സുള്ള മകളുമുള്ള സതീഷ്, ദിഷുവുമായി 2017 മുതല്‍ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ്  പറഞ്ഞു. കുത്തബ് വിഹാറില്‍ വാടകയ്ക്കാണ് സതീഷ് താമസിച്ചിരുന്നത്. പൂട്ടിക്കിടന്ന ഈ മുറിയില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദിഷുവിന്റെ മൃതദേഹം കണ്ടെത്തിയത്. 

മുറിയിലെ കട്ടിലില്‍ മരിച്ചനിലയിലായിരുന്നു ദിഷു. മൃതദേഹം പാതി അഴുകിയ നിലയിലായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് ദിഷുവിനെയും സതീഷിനെയും തിരിച്ചറിഞ്ഞത്. പൊലീസില്‍നിന്ന് രക്ഷപ്പെടാന്‍ ടിവി പരമ്പരയായ 'ക്രൈം പട്രോള്‍' ഉള്‍പ്പെടെയുള്ളവയുടെ മാതൃകയാണ് പ്രതി സ്വീകരിച്ചതെന്ന് ദ്വാരക ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ സന്തോഷ് കുമാര്‍ മീണ പറഞ്ഞു. ദിഷയുടെ മറ്റു ബന്ധങ്ങളെച്ചൊല്ലി സതീഷ് നിരന്തരം വഴക്കുകൂടിയിരുന്നു. 

സെപ്റ്റംബര്‍ 23ന് കുത്തബ് വിഹാറിലെ വാടകമുറിയില്‍ വെച്ച് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടാകുകയും സതീഷ് ദിഷയുടെ കഴുത്ത് ഞെരിക്കുകയുമായിരുന്നു. അബോധാവസ്ഥയിലായ ദിഷു അല്‍പസമയത്തിനകം ബോധം വീണ്ടെടുക്കുകയും ബഹളംവയ്ക്കുകയും ചെയ്തു. ഇതോടെ വീണ്ടും ദിഷയുടെ കഴുത്തുഞെരിച്ച് സതീഷ് കൊലപ്പെടുത്തുകയായിരുന്നെന്ന് ഡിസിപി പറഞ്ഞു.

മൃതദേഹം കിടക്കയ്ക്കുള്ളില്‍ ഒളിപ്പിക്കാന്‍ സതീഷ് ശ്രമിച്ചെങ്കിലും ഇരുമ്പ് കമ്പിയില്‍ തലതട്ടിയതിനാല്‍ സാധിച്ചില്ല. പിന്നീട് മൃതദേഹം കട്ടിലില്‍തന്നെ കമ്പിളികൊണ്ട് മൂടിയശേഷം കടന്നുകളയുകയായിരുന്നു. 
ദ്വാരക സെക്ടര്‍ 12ലെത്തി 31,000 രൂപയ്ക്ക് മൊബൈല്‍ ഫോണ്‍ വിറ്റു. മറ്റൊരു സ്ഥലത്ത് ദിഷുവിന്റെ ഫോണ്‍ ഉപേക്ഷിച്ചു. അസമിലെ ദിബ്രുഗഡിലുള്ള ഹോട്ടലില്‍നിന്നാണ് സതീഷിനെ പിടികൂടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com