ബസില്‍ വച്ച് സൗഹൃദം, കോവിഡിനുളള മരുന്നെന്ന് പറഞ്ഞ് മയക്കുമരുന്ന് ഗുളിക നല്‍കി; 65 കാരിയുടെ സ്വര്‍ണമാല മോഷ്ടിച്ചു 

തമിഴ്‌നാട്ടില്‍ കോവിഡിനുളള മരുന്നെന്ന് പറഞ്ഞ് മയക്കുമരുന്ന് നല്‍കി 65കാരിയുടെ രണ്ടര പവന്റെ മാല മോഷ്ടിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡിനുളള മരുന്നെന്ന് പറഞ്ഞ് മയക്കുമരുന്ന് നല്‍കി 65കാരിയുടെ രണ്ടര പവന്റെ മാല മോഷ്ടിച്ചു. കഴുത്തിലിട്ട് നടക്കുന്നത് അപകടമാണെന്നും ബാഗില്‍ സൂക്ഷിക്കാനും പറഞ്ഞ് വിശ്വാസം ആര്‍ജ്ജിച്ചായിരുന്നു തട്ടിപ്പ്. 

മധുരയിലെ ഓസ്റ്റിന്‍പട്ടിയിലാണ് സംഭവം. മകളുടെ വീട്ടിലേക്ക് പോകാന്‍ ബസില്‍ കയറിയ 65 വയസുളള രാജമ്മാളാണ് തട്ടിപ്പിന് ഇരയായത്. ബസില്‍ വച്ച് സൗഹൃദം സ്ഥാപിച്ച സഹയാത്രികനാണ് മാല മോഷ്ടിച്ചത്. മയക്കുമരുന്ന് നല്‍കിയാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു. മകനൊപ്പം രാമനാഥപുരത്താണ് രാജമ്മാള്‍ താമസിക്കുന്നത്.

കോവിഡ് പ്രതിരോധത്തിനുളള മരുന്നെന്ന് പറഞ്ഞാണ് മയക്കുമരുന്ന് നല്‍കിയത്. സ്വര്‍ണമാല കഴുത്തിലിട്ട് നടക്കുന്നത് അപകടമാണെന്നും ബാഗില്‍ സൂക്ഷിക്കാനും പറഞ്ഞ് വിശ്വാസം ആര്‍ജ്ജിച്ചായിരുന്നു തട്ടിപ്പെന്ന് പൊലീസ് പറയുന്നു. മയക്കുമരുന്ന് കലര്‍ന്ന ഗുളിക കഴിച്ച രാജമ്മാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. 

സാഹചര്യം മുതലെടുത്ത മോഷ്ടാവ്, ബസ് നിര്‍ത്തിച്ച് വണ്ടിയില്‍ നിന്ന് ഇറക്കി. എത്തേണ്ട സ്ഥലത്തിന് മൂന്ന് സ്റ്റോപ്പ് മുന്‍പാണ് ഇറങ്ങിയത്. അതിനിടെയാണ് മോഷണം നടന്നതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് പ്രതി തന്നെയാണ് രാജമ്മാളെ അടുത്ത ബസില്‍ കയറ്റിവിട്ടത്. ബോധം പൂര്‍ണമായി തിരിച്ചുകിട്ടാന്‍ രാജമ്മാള്‍ക്ക് 12 മണിക്കൂര്‍ വേണ്ടി വന്നു. 65കാരിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com