നടന്നത് ദുരന്തമാണെന്ന് പറയാനുള്ള മര്യാദയെങ്കിലും ആദിത്യനാഥ് കാണിക്കണം; ഒരു പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടു; പ്രധാനമന്ത്രി ഒറ്റയക്ഷരം മിണ്ടിയില്ല; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

ഹാഥ്‌രസില്‍ ദലിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം ദുരന്തമാണെന്ന് പറയാനുള്ള മര്യാദയെങ്കിലും യുപി മുഖ്യമന്ത്രി കാണിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്/ ചിത്രം: പിടിഐ
രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്/ ചിത്രം: പിടിഐ

അമൃത്സര്‍: ഹാഥ്‌രസില്‍ ദലിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം ദുരന്തമാണെന്ന് പറയാനുള്ള മര്യാദയെങ്കിലും യുപി മുഖ്യമന്ത്രി കാണിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്ക് എതിരെ പഞ്ചാബില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാഥ്‌രസ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വാക്കു പോലും മുണ്ടിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

നടന്നത് ദുരന്തമാണെന്ന് പറയാനുള്ള മര്യാദയെങ്കിലും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കാണിക്കണം. പെണ്‍കുട്ടിയുടെ കുടുംബത്തിന് സംരക്ഷണം നല്‍കണമെന്നും രാഹുല്‍ പറഞ്ഞു. ഹാഥ്‌രസ് പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ സര്‍ക്കാരിന് എതിരെ രാജ്യാന്തര ഗൂഢാലന നടന്നുവെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'യോഗി ആദിത്യനാഥിന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാനുള്ള അര്‍ഹതയുണ്ട്. അദ്ദേഹം എന്താണോ കാണാന്‍ ആഗ്രഹിക്കുന്നത് അത് അദ്ദേഹത്തിന് സങ്കല്‍പ്പിക്കാം. സ്‌നേഹവതിയായ ഒരു പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു, അവളുടെ നാക്ക് മുറിച്ചെടുത്തു, അവളുടെ കുടുംബത്തിനെ ഭീഷണിപ്പെടുത്തി. ആരാണോ ഇതെല്ലാം ചെയ്തത്, അവര്‍ക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല, ഇതാണ് ഞാനവിടെ കണ്ടത്' -രാഹുല്‍ പറഞ്ഞു. 

ഒരു പെണ്‍കുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടു. പക്ഷേ ഭരണസംവിധാനം മൊത്തത്തില്‍ അവളുടെ കുടുംബത്തെ ആക്രമിക്കുകയാണ് ചെയ്തത്. പ്രധാനമന്ത്രി ഒറ്റയക്ഷരം മിണ്ടിയിട്ടില്ലെന്നും രാഹുല്‍ തുറന്നടിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com