കോവിഡ് ചികിത്സയ്ക്ക് കുതിരകളിലെ ആന്റിബോഡി; ക്ലിനിക്കല്‍ ട്രയലിന് അനുമതി 

നിർവീര്യമാക്കിയ സാർസ് കോവ്-2 വൈറസ് കുതിരകളിൽ കുത്തിവച്ചാണ് ആന്റിസെറ വികസിപ്പിച്ചത്
കോവിഡ് ചികിത്സയ്ക്ക് കുതിരകളിലെ ആന്റിബോഡി; ക്ലിനിക്കല്‍ ട്രയലിന് അനുമതി 

ന്യൂഡൽഹി: മൃ​ഗങ്ങളിൽ വികസിപ്പിച്ച ആന്റിബോഡിയിലുള്ള രക്ത രസം (ആന്റിസെറ) മനുഷ്യരിൽ പരീക്ഷിക്കാൻ ഒരുങ്ങി ഐസിഎംആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്).  ഹൈദരാബാദ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബയോളജിക്കൽ ഇ ലിമിറ്റഡുമായി ചേർന്നാണ് ഐസിഎംആർ ശുദ്ധീകരിച്ച ആന്റിസെറ വികസിപ്പിച്ചത്. ഇവയുടെ ക്ലിനിക്കൽ ട്രയലിനായി ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി. 

നിർവീര്യമാക്കിയ സാർസ് കോവ്-2 വൈറസ് കുതിരകളിൽ കുത്തിവച്ചാണ് ആന്റിസെറ വികസിപ്പിച്ചത്. പ്ലാസ്മ തെറാപ്പിയിൽ കോവിഡിനെ അതിജീവിച്ചവരിൽ നിന്നെടുക്കുന്ന രക്തരസമാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ആരോഗ്യവാന്മാരായ കുതിരകളിൽ നിർവീര്യമാക്കിയ സാർസ് കോവ് 2 വൈറസ് കുത്തിവച്ച് 21 ദിവസത്തിനു ശേഷമാണ് പ്ലാസ്മ സാംപിളുകൾ വികസിപ്പിച്ചത്. 

മനുഷ്യരിലെ പരീക്ഷണം വിജയകരമായാൽ പ്ലാസ്മ തെറാപ്പിക്ക് പകരം ഈ ചികിത്സാരീതി ഉപയോഗിക്കാൻ സാധിക്കും.ഓരോ രോഗിയിൽ നിന്നും ലഭിക്കുന്ന ആന്റിബോഡികളുടെ രൂപത്തിലും ഫലപ്രാപ്തിയും അളവും വ്യത്യസ്തമാകുമെന്നതിനാൽ പ്ലാസ്മ ചികിത്സ പലപ്പോഴും 100 ശതമാനം ഫലം നൽകാറില്ല. കുതിരകളിൽ നിന്ന് ആവശ്യാനുസരണം ആന്റിസെറ വികസിപ്പിക്കാമെന്ന ഗുണവുമുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com