കോവിഡ് പോസിറ്റീവ് ആയിരിക്കെ ഹാഥ്‌രസിലെത്തി;  എഎപി എംഎല്‍എക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസ്

എംഎല്‍എ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് യു പി പൊലീസ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു
കോവിഡ് പോസിറ്റീവ് ആയിരിക്കെ ഹാഥ്‌രസിലെത്തി;  എഎപി എംഎല്‍എക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസ്

ലഖ്‌നൗ : ഹാഥ്‌രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബത്തെ സന്ദര്‍ശിച്ച എഎപി എംഎല്‍എയ്‌ക്കെതിരെ യുപി പൊലീസ് കേസെടുത്തു. പകര്‍ച്ച വ്യാധി നിരോധന നിയമപ്രകാരമാണ് എംഎല്‍എ കുല്‍ദീപ് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. 

എംഎല്‍എ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് യു പി പൊലീസ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. തനിക്ക് കോവിഡ് പോസിറ്റീവായതായി കുല്‍ദീപ് കുമാര്‍ സെപ്റ്റംബര്‍ 29 ന് ട്വീറ്റ് ചെയ്തിരുന്നു. 

എന്നാല്‍ ക്വാറന്റീനില്‍ കഴിയേണ്ട എംഎല്‍എ കുല്‍ദീപ് കുമാര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഒക്ടോബര്‍ അഞ്ചിന് ഹാഥ്‌രസിലെത്തി പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചുവെന്ന് യുപി പൊലീസ് പറയുന്നു. 

പെണ്‍കുട്ടിയുടെ കുടുംബത്തെ കാണുന്ന വീഡിയോ കുല്‍ദീപ് കുമാര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കോവിഡ് പോസിറ്റീവ് ആയശേഷം ഹാഥ്‌രസിലെത്തി കുടുംബത്തെ കണ്ട കുല്‍ദീപിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ ആദേഷ് ഗുപ്ത ആവശ്യപ്പെട്ടു. 

ഇതിനിടെ യുപി പൊലീസിനെതിരെ കുല്‍ദീപ് കുമാര്‍ രംഗത്തെത്തി. ബിജെപി തനിക്കെതിരെ തെറ്റായ പ്രചാരണം  നടത്തുകയാണ്. ആന്റിജന്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഹാഥ്‌രസില്‍ പോയതെന്ന് കുല്‍ദീപ് കുമാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com