ബസിലോ ടാക്‌സിയിലോ യാത്ര ചെയ്യാന്‍ ഒരുക്കമല്ല; ഒറ്റ യാത്രക്കാരിയുമായി രാജധാനി എക്‌സ്പ്രസ് ഓടിയത് 535 കിലോമീറ്റര്‍!

ബസിലോ ടാക്‌സിയിലോ യാത്ര ചെയ്യാന്‍ ഒരുക്കമല്ല; ഒറ്റ യാത്രക്കാരിയുമായി രാജധാനി എക്‌സ്പ്രസ് ഓടിയത് 535 കിലോമീറ്റര്‍!
ബസിലോ ടാക്‌സിയിലോ യാത്ര ചെയ്യാന്‍ ഒരുക്കമല്ല; ഒറ്റ യാത്രക്കാരിയുമായി രാജധാനി എക്‌സ്പ്രസ് ഓടിയത് 535 കിലോമീറ്റര്‍!

റാഞ്ചി: ഒരേയൊരു യാത്രക്കാരിയുമായി രാജധാനി എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് നടത്തിയത് 535 കിലോമീറ്റര്‍. ട്രെയിന്‍ ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്നാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബസിലോ ടാക്‌സിയിലോ യാത്ര ചെയ്യാന്‍ യുവതി തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അവരെയും കൊണ്ട് ട്രെയിന്‍ ഇത്രയും ദൂരം സഞ്ചരിച്ചത്. ഝാര്‍ഖണ്ഡിലാണ് സംഭവം. അനന്യ എന്ന നിയമ വിദ്യാര്‍ത്ഥിനിയാണ് ട്രെയിനില്‍ തന്നെ യാത്ര ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. 

ഭൂമിയുടെ അവകാശത്തിനായി ഗോത്രവര്‍ഗമായ താന ഭഗത്ത് നടത്തുന്ന പ്രക്ഷോഭത്തെ തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്. ഝാര്‍ഖണ്ഡിലെ ദല്‍തോങ്ഗഞ്ച് സ്‌റ്റേഷനില്‍ വ്യാഴാഴ്ച മണിക്കൂറുകളോളം ന്യൂഡല്‍ഹി-റാഞ്ചി രാജധാനി എക്‌സ്പ്രസ് പിടിച്ചിട്ടു. പ്രക്ഷോഭകര്‍ റെയില്‍പാളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെയാണ് അനിശ്ചിതമായി യാത്ര വൈകിയത്. ഇതോടെ അധികൃതര്‍ പല ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. 

റെയില്‍വേ ട്രാക്കില്‍ പൂജ ചെയ്തും ഭജന പാടിയും ഭക്ഷണം പാകം ചെയ്തുമാണ് പ്രതിഷേധക്കാര്‍ സമരം നടത്തിയത്. സ്ത്രീകളും പുരുഷന്‍മാരുമടക്കം 250 പേരാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. 

അതിനിടെ ട്രെയിന്‍ പിടിച്ചിട്ടതിനെ തുടര്‍ന്ന് ഇതിലെ 930 യാത്രക്കാര്‍ക്കായി റെയില്‍വെ ബസ് സൗകര്യം ഒരുക്കി. എന്നാല്‍ നിയമ വിദ്യാര്‍ഥിനിയായ അനന്യ ബസിലോ ടാക്‌സിയിലോ യാത്ര ചെയ്യാന്‍ തയ്യാറായില്ല. ഇതോടെയാണ് വിദ്യാര്‍ത്ഥിനിക്ക് വേണ്ടി 535 കിലോമീറ്റര്‍ സഞ്ചരിച്ചത്.  

ട്രെയിന്‍ ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്നാണ് രാജധാനി എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കാന്‍ റെയില്‍വെ തീരുമാനിച്ചത്. യാത്രക്കാര്‍ക്കാര്‍ക്കായി റെയില്‍വെ ഒരു ഡസനിലധികം ബസുകള്‍ ഏര്‍പ്പാടാക്കി. എന്നാല്‍ ട്രെയിനില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റെടുത്തതിനാല്‍ റെയില്‍വേ ഏര്‍പ്പാട് ചെയ്യുന്ന ബസിലോ, ടാക്‌സിയിലോ സഞ്ചരിക്കാന്‍ താനൊരുക്കമല്ലെന്ന് അനന്യ അറിയിച്ചു. അനന്യയുടെ തീരുമാനത്തിന് മുന്നില്‍ റെയില്‍വേ അവസാനം മുട്ടുമടക്കി. 

ട്രെയിന്‍ സാധാരണ സഞ്ചരിക്കുന്ന പാത വിട്ട് ഗോമോ, ബൊക്കാറോ റൂട്ടില്‍ 225 കിലോമീറ്റര്‍ അധികദൂരം സഞ്ചരിച്ച് 15 മണിക്കൂര്‍ വൈകി വെള്ളിയാഴ്ച പുലര്‍ച്ചെ റാഞ്ചിയിലെത്തിച്ചേര്‍ന്നു. ട്രെയിന്‍ റദ്ദാക്കിയ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ബസിലോ കാറിലോ യാത്ര ചെയ്യാന്‍ മാനസികമായി താന്‍ ഒരുങ്ങിയിട്ടില്ലെന്ന് അനന്യ ട്വിറ്ററിലൂടെ റെയില്‍വേയെ അറിയിച്ചു. തുടര്‍ന്ന് അനന്യയ്ക്ക് വേണ്ടി ട്രെയിന്‍ സര്‍വീസ് നടത്താന്‍ റെയില്‍വേ തീരുമാനിക്കുകയായിരുന്നു. 

യാത്രക്കാര്‍ അവരുടെ ലക്ഷ്യ സ്ഥാനത്തിലെത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കേണ്ടത് റെയില്‍വേയുടെ ഉത്തരവാദിത്വമായതിനാലാണ് ബസുകള്‍ ഏര്‍പ്പാടാക്കിയതെന്നും എന്നാല്‍ പെണ്‍കുട്ടി ചില കാരണങ്ങളാല്‍ ബസിലോ ട്രെയിനിലോ യാത്ര ചെയ്യാന്‍ ഒരുക്കമല്ലാതിരുന്നതിനാലാണ്  സര്‍വീസ് നടത്താന്‍ തീരുമാനിച്ചതെന്നും സീനിയര്‍ ഡിവിഷണല്‍ കമേഴ്‌സ്യല്‍ മാനേജര്‍ അവ്‌നിഷ് പറഞ്ഞു. അതിനാലാണ് റൂട്ട് മാറ്റി യാത്രക്കാരിയെ റാഞ്ചി സ്‌റ്റേഷനിലെത്തിക്കാന്‍ റെയില്‍വെ ഒരുങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി. 

എച്ഇസിയില്‍ നിന്ന് എന്‍ജിനീയറായി വിരമിച്ച വ്യക്തിയുടെ മകളാണ് നിയമ വിദ്യാര്‍ത്ഥിനിയായ അനന്യ. ബെനാറസ് ഹിന്ദു സര്‍വകലാശാലയിലാണ് അനന്യ പഠിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com