'ആരും വരുന്നില്ല';രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്റര്‍ അടച്ചുപൂട്ടുന്നു

രോഗലക്ഷണമില്ലാതെയും നേരിയ ലക്ഷണങ്ങളോടെയും കോവിഡ് സ്ഥിരീകരിച്ചവര്‍ക്കായി ആരംഭിച്ച കോവിഡ് കെയര്‍ സെന്ററില്‍, രോഗികള്‍ എത്താത്തത് കാരണമാണ് അടയ്ക്കുന്നത്. 
ചിത്രം: പിടിഐ
ചിത്രം: പിടിഐ



ബെംഗളൂരു:  ബെംഗളൂരുരുവിലെ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്റര്‍ ഓഗസ്റ്റ് 15ന് അടച്ചുപൂട്ടും. രോഗലക്ഷണമില്ലാതെയും നേരിയ ലക്ഷണങ്ങളോടെയും കോവിഡ് സ്ഥിരീകരിച്ചവര്‍ക്കായി ആരംഭിച്ച കോവിഡ് കെയര്‍ സെന്ററില്‍, രോഗികള്‍ എത്താത്തത് കാരണമാണ് അടയ്ക്കുന്നത്. 

സെപ്റ്റംബര്‍ നാലിന് ഇതു സംബന്ധിച്ച ഉത്തരവ് ബെംഗളൂരൂ നഗരസഭ പുറത്തിറക്കി. 10,000 കിടക്കകളുള്ള കോവിഡ് കെയര്‍ സെന്ററാണ് ഇത്. മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് കോവിഡ് കെയര്‍ ടാസ്‌ക് ഫോഴ്‌സിന്റെ നിര്‍ദേശം കണക്കിലെടുത്ത് കെയര്‍ സെന്റര്‍ പൂട്ടുന്നതിന് തീരുമാനമെടുത്തത്. 

ഇവിടുത്തെ കിടക്കകളും ഉപകരണങ്ങളും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് നല്‍കും. 2,5000 ഫര്‍ണിച്ചറുകള്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹോസ്റ്റലുകള്‍ക്ക് കൈമാറും. മറ്റുള്ള ഹോര്‍ട്ട് കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിനും മൈനോരിറ്റി വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹോസ്റ്റലുകള്‍ക്കും കൈമാറും. 

രോഗലക്ഷണമില്ലാതെയും നേരിയ ലക്ഷണങ്ങളോടെയും കോവിഡ് സ്ഥിരീകരിച്ചവര്‍ക്ക് നിലവില്‍ വീടുകളില്‍ തന്നെയാണ് ചികിത്സ നല്‍കുന്നത്. ഇതേത്തുടര്‍ന്നാണ് സെന്ററിലേക്ക് ആളുകള്‍ എത്താതെ വന്നത്. 

കോവിഡ് കെയര്‍ സെന്ററിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നേരത്തെ അഴിമതി ആരോപണം ഉയര്‍ത്തിയിരുന്നു. സെന്ററിലേക്ക് ആവശ്യമായ സാധനങ്ങള്‍ ഉയര്‍ന്ന നിരക്കില്‍ വാടകയ്ക്ക് എടുക്കാനുള്ള സര്‍ക്കാര്‍ നീക്കം വിവാദമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com