എട്ടടിവീരന്‍ കടിച്ച് കോമയിലായി, ശരീരം മുഴുവന്‍ തളര്‍ന്നു; ഏഴുദിവസം കഴിഞ്ഞ് അഞ്ചു വയസുകാരന്‍ അത്ഭുതകരമായി ജീവിതത്തിലേക്ക്, ജീവിത കഥ

പാമ്പ് കടിച്ചതിനെ തുടര്‍ന്ന് കോമയിലായ അഞ്ചു വയസുകാരന്‍ തിരിച്ച് ജീവിതത്തിലേക്ക്
എട്ടടിവീരന്‍ കടിച്ച് കോമയിലായി, ശരീരം മുഴുവന്‍ തളര്‍ന്നു; ഏഴുദിവസം കഴിഞ്ഞ് അഞ്ചു വയസുകാരന്‍ അത്ഭുതകരമായി ജീവിതത്തിലേക്ക്, ജീവിത കഥ

ബംഗളൂരു: പാമ്പ് കടിച്ചതിനെ തുടര്‍ന്ന് കോമയിലായ അഞ്ചു വയസുകാരന്‍ തിരിച്ച് ജീവിതത്തിലേക്ക്. ക്രൗഡ് ഫണ്ടിങ്ങിലൂടെ സ്വരൂപിച്ച നാലു ലക്ഷം രൂപ ഉപയോഗിച്ച് നടത്തിയ ചികിത്സയിലാണ് കുട്ടി ജീവിതത്തിലേക്ക് വീണ്ടും പിച്ചവെയ്ക്കുന്നത്. അഞ്ചു വയസുകാരനായ നിഷിത് ഗൗഡയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയത്.

കര്‍ണാടകയിലെ ഹസന്‍ ജില്ലയില്‍ ജൂലൈ 26നാണ് സംഭവം. മഴ സമയത്ത്  വീടിന്റെ വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ തുടങ്ങുന്നതിനിടെ എട്ടടിവീരന്റെ കടിയേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും പതുക്കെ കുട്ടി കോമയിലേക്ക് നീങ്ങുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ, അഞ്ചു വയസുകാരനെ ആ ദിവസം തന്നെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ അച്ഛന്‍ ദിവസക്കൂലിക്ക് പണിയെടുക്കുന്ന തൊഴിലാളിയാണ്.

ശരീരം പൂര്‍ണമായി തളര്‍ന്ന കുട്ടിയെ കുട്ടികളുടെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. കൃത്രിമ ശ്വാസത്തിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ആന്റി വെനം ചികിത്സയും മരുന്നുകളും കുട്ടിക്ക് നല്‍കി തുടങ്ങി.

എട്ടടിവീരന്റെ വിഷം മാരകമാണ്. ഇത് ഞരമ്പുകളുടെ പ്രവര്‍ത്തനത്തെയാണ് കാര്യമായി ബാധിക്കുന്നത്. ഇതാണ് കുട്ടിയുടെ ശരീരം മുഴുവന്‍ തളര്‍ന്നുപോകാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ഏഴു ദിവസം കഴിഞ്ഞ് കാര്യങ്ങള്‍ മാറിമറിയുന്നതാണ് കണ്ടത്.

ഏഴുദിവസം കഴിഞ്ഞപ്പോള്‍ കുട്ടിക്ക് ബോധം തിരിച്ചുകിട്ടി തുടങ്ങി. അഞ്ചുവയസുകാരന്റെ ശരീരം ചലിക്കാന്‍ തുടങ്ങി. പക്ഷാഘാതത്തില്‍ നിന്ന്് കുട്ടി മോചിതനായെന്ന് കുട്ടികളുടെ ഡോക്ടറായ ചേതന്‍ ജിനിഗെരി പറയുന്നു. ഓഗസ്റ്റ് 10ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ കുട്ടി വീട്ടില്‍ വിശ്രമത്തിലാണ്. ആരോഗ്യം പൂര്‍ണമായി വീണ്ടെടുക്കുന്നത് വരെ കൃത്രിമ ശ്വാസത്തിന്റെയും  മറ്റു ചികിത്സകളുടെയും സഹായത്തോടെയാണ് കുട്ടി വീട്ടില്‍ കഴിയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com