ഒന്നും രണ്ടും അല്ല, പറ്റിച്ചത് 2,500 പേരെ! ആഡംബര ഫോണ്‍ വില കുറച്ച്, തവണ വ്യവസ്ഥയില്‍ വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്; ഒടുവില്‍ വലയില്‍

ഒന്നും രണ്ടും അല്ല, പറ്റിച്ചത് 2,500 പേരെ! ആഡംബര ഫോണ്‍ വില കുറച്ച്, തവണ വ്യവസ്ഥയില്‍ വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്; ഒടുവില്‍ വലയില്‍
ഒന്നും രണ്ടും അല്ല, പറ്റിച്ചത് 2,500 പേരെ! ആഡംബര ഫോണ്‍ വില കുറച്ച്, തവണ വ്യവസ്ഥയില്‍ വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്; ഒടുവില്‍ വലയില്‍

ലഖ്‌നൗ: മൊബൈൽ ഫോൺ വിലക്കുറവിൽ തവണ വ്യവസ്ഥയിലൂടെ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. 2,500ഓളം പേരാണ് രാജ്യത്തുടനീളം ഇയാളുടെ തട്ടിപ്പിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് 32കാരനായ ജിതേന്ദ്ര സിങിനെ ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ബിരുദധാരിയാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം ഇര്‍ഫാന്‍ പഠാന്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തായത്. 2019 ഡിസംബര്‍ 14ന് താന്‍ പുതിയൊരു ഫോണ്‍ വാങ്ങാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു. അപ്പോള്‍ മൊബിലിറ്റി വേള്‍ഡ് ഇന്‍ എന്ന പേരിലുള്ള വെബ്‌സൈറ്റില്‍ ആഡംബര ഫോണുകള്‍ വില കുറച്ച് കിട്ടും അതും തവണ വ്യവസ്ഥയില്‍ പണം അടച്ചാല്‍ മതി എന്ന് കണ്ടു. 

ഇതിന് പിന്നാലെ വെബ്‌സൈറ്റ് എക്‌സിക്യൂട്ടീവ് ഇര്‍ഫാനെ വിളിച്ച് ആദ്യ ഗഡുവായി 1,499 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും പണമടയ്ക്കാന്‍ ആവശ്യപ്പെട്ട് എക്‌സിക്യൂട്ടീവ് വിളിച്ചു. താന്‍ 5,998 രൂപ നല്‍കിയതായും ഇര്‍ഫാന്‍ പരാതിയില്‍ പറയുന്നു. 

എന്നാല്‍ പിന്നീട് നോക്കിയപ്പോള്‍ വെബ്‌സൈറ്റ് കാണാനുണ്ടായില്ല. ഫോണില്‍ വിളിച്ച് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ലെന്ന് ഇര്‍ഫാന്‍ വ്യക്തമാക്കി. 

ഇത്തരത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നിരവധി പേരില്‍ നിന്നാണ് ഇയാളും സംഘവും വലിയ തുകകള്‍ സമ്പാദിച്ചത്. സംഘത്തിന്റെ ബാങ്ക് നിക്ഷേപങ്ങള്‍ സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും ജനുവരി മുതല്‍ സംഘത്തെ സൈബര്‍ സെല്‍ നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 

1500 മുതല്‍ല 7,500 രൂപ വരെയാണ് ഇത്തരത്തില്‍ ഓരോ ആളില്‍ നിന്നും ഇവര്‍ തട്ടിച്ചെടുക്കാറുള്ളത്. ഒരു ദിവസം രണ്ടും മൂന്നും പേര്‍ വച്ച് ഇയാളുടെ തട്ടിപ്പിന് ഇരകളായി മാറുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. 

പ്രതിയെ ഇയാളുടെ വീട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച രണ്ട് മൊബൈല്‍ ഫോണുകളും പൊലീസ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഇയാളുടെ രണ്ട് സഹായികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com