ട്രെയിനുകളിലും ബസുകളിലും കര്‍ശന വ്യവസ്ഥകളോടെ യാത്രാനുമതി !; നിയന്ത്രണങ്ങള്‍ നീക്കുമോ ?; കേന്ദ്രമന്ത്രിസഭായോഗം ഇന്ന്

പൂര്‍ണ ലോക്ക്ഡൗണ്‍ 14ന് അവസാനിപ്പിക്കുക; ചില നിയന്ത്രണങ്ങള്‍ തുടരുക രീതിയിലാണ് ഇപ്പോള്‍ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്
ട്രെയിനുകളിലും ബസുകളിലും കര്‍ശന വ്യവസ്ഥകളോടെ യാത്രാനുമതി !; നിയന്ത്രണങ്ങള്‍ നീക്കുമോ ?; കേന്ദ്രമന്ത്രിസഭായോഗം ഇന്ന്


ന്യൂഡല്‍ഹി : ലോക്ക്ഡൗണ്‍ അവസാനിക്കുന്ന ഏപ്രില്‍ 15 മുതല്‍ പരിമിതമായ തോതില്‍ നിയന്ത്രണങ്ങള്‍ നീക്കിയേക്കുമെന്ന് സൂചന. ഇത്തരത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചനകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലോക്ക്ഡൗണിന് ശേഷം സ്വീകരിക്കേണ്ട പദ്ധതികളെക്കുറിച്ച് കേന്ദ്രമന്ത്രിമാര്‍ക്കിടയിലും വിവിധ മന്ത്രാലയങ്ങള്‍ തമ്മിലും ചര്‍ച്ച നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങളും ആരാഞ്ഞിട്ടുണ്ട്. 

പൂര്‍ണ ലോക്ക്ഡൗണ്‍ 14ന് അവസാനിപ്പിക്കുക; ചില നിയന്ത്രണങ്ങള്‍ തുടരുക രീതിയിലാണ് ഇപ്പോള്‍ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. സ്ഥിതി മോശമായാല്‍ ഇതില്‍ മാറ്റം വരാം. ഷോപ്പിങ് മാളുകളും സിനിമാ ശാലകളും ഉള്‍പ്പെടെ ജനം കൂട്ടംകൂടുന്ന സ്ഥലങ്ങള്‍ അടഞ്ഞു കിടക്കുക, ട്രെയിന്‍ യാത്രയ്ക്ക്, യാത്രയുടെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രധാന പരിഗണനയിലുള്ളത്.

ട്രെയിനുകളിലും ബസുകളിലും കര്‍ശന വ്യവസ്ഥകളോടെ യാത്രാനുമതി നല്‍കുക എന്നതാണ് പരിഗണിക്കുന്നത്. യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധം. ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വെ സ്‌റ്റേഷനിലും മെട്രോ സ്‌റ്റേഷനിലും തെര്‍മല്‍ സ്‌ക്രീനിങ് കര്‍ശനമാക്കുക. ട്രെയിനില്‍ സീറ്റ് റിസര്‍വ് ചെയ്തുള്ള യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കാരണം വ്യക്തമാക്കുക. 

രാജ്യാന്തര, ആഭ്യന്തര വിമാന സര്‍വീസുകള്‍ ഉടനെ പൂര്‍ണതോതിലാക്കിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. വിദേശത്തുനിന്നെത്തുന്നവര്‍ ക്വാറന്റീനില്‍ പോകണമെന്ന് വ്യവസ്ഥയുണ്ട്, പല രാജ്യങ്ങളിലും രോഗ ഭീഷണി ശക്തമാണ്. ഈ സ്ഥിതിയില്‍ തല്‍ക്കാലം യാത്രക്കാര്‍ കുറവായിരിക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. 

കോഴ്‌സുകള്‍ക്ക് പ്രവേശന പരീക്ഷകളും പ്രവേശന നടപടികളും കഴിവതും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാക്കുക. സ്‌കൂളുകളും കോളജുകളും തുറക്കുന്നതിനെക്കുറിച്ച് 14ന് തീരുമാനിക്കും. ക്ഷേത്രങ്ങളിലും മസ്ജിദുകളിലും ദേവാലയങ്ങളിലും മറ്റും പതിവു പ്രാര്‍ഥനകള്‍ക്ക് ജനം എത്തുന്നതിന് നിയന്ത്രണം. അടിയന്തര ചടങ്ങുകള്‍ അനുവദിച്ചാലും പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുക. 

ഷോപ്പിങ് മാളുകളും സിനിമാ ശാലകളും മാത്രമല്ല, അവശ്യസാധനങ്ങള്‍ വില്‍ക്കുന്നതല്ലാത്ത കടകളും അടച്ചിടുന്നതു തുടരുക. അതീവ ഗുരുതര ഗണത്തിലുള്ള സ്ഥലങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നിവയെല്ലാം പരിഗണനയിലുണ്ട്. നിയന്ത്രിത തോതില്‍ ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യപ്രകാരം സംസ്ഥാനങ്ങള്‍ അഭിപ്രായങ്ങള്‍ നല്‍കിത്തുടങ്ങിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഇന്നത്തെ പൂര്‍ണ മന്ത്രിസഭാ യോഗത്തിലും ബുധനാഴ്ച പാര്‍ലമെന്റിലെ പ്രധാന കക്ഷിനേതാക്കളുമായി പ്രധാനമന്ത്രി നടത്തുന്ന ചര്‍ച്ചയിലും ലഭിക്കുന്ന അഭിപ്രായങ്ങളും വിലയിരുത്തും.  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുന്നുണ്ട്. ലോക്ക്ഡൗണിനു ശേഷമുള്ള സ്ഥിതി നേരിടുന്നതിന് ധനമന്ത്രാലയം ചില നടപടികള്‍ പ്രഖ്യാപിച്ചേക്കും. നിലവിലെ ചില ക്ഷേമ പദ്ധതികള്‍ പുനഃക്രമീകരിക്കാന്‍ ആലോചിക്കുന്നതായി മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com