പിഴച്ചത് ആര്‍ക്ക്? പൈലറ്റിനോ എടിസിക്കോ? എല്ലാം അന്വേഷിക്കുമെന്ന് എഎഐബി; വേണ്ടിവന്നാല്‍ വിദേശ സഹായം തേടും

അപകടത്തില്‍ പെട്ട വിമാനത്തിന്റെ ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡേറ്റ റെക്കോഡറും കോക്പിറ്റ് വോയിസ് റെക്കോഡറും കണ്ടെടുത്തിട്ടുണ്ട്
പിഴച്ചത് ആര്‍ക്ക്? പൈലറ്റിനോ എടിസിക്കോ? എല്ലാം അന്വേഷിക്കുമെന്ന് എഎഐബി; വേണ്ടിവന്നാല്‍ വിദേശ സഹായം തേടും

ന്യൂഡല്‍ഹി: കോഴിക്കോട് വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സപ്രസ് വിമാനം അപകടത്തില്‍ പെട്ടതില്‍ പൈലറ്റിന്റെയോ എയര്‍ ട്രാഫിക് കണ്‍ട്രോളറുടെയോ ഭാഗത്ത് പിഴവുണ്ടായോ എന്നത് ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്ന് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി). വേണ്ടിവന്നാല്‍ അന്വേഷണത്തിന് വിദേശ ഏജന്‍സിയുടെ സഹായം തേടുമെന്നും എഎഐബി മേധാവി അരബിന്ദോ ഹാന്‍ഡ പറഞ്ഞു.

അപകടത്തിലേക്കു നയിച്ചത് എന്താണ് എന്നതില്‍ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നത് അപക്വമാവുമെന്ന് ഹാന്‍ഡ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. പൈലറ്റിന്റെയോ എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ ഭാഗത്തുനിന്ന് പിഴവുണ്ടായോ എന്ന ചോദ്യത്തിന് ഇക്കാര്യവും അന്വേഷണത്തിന്റെ ഭാഗമാണെന്നും അതുകൊണ്ട് ഇപ്പോള്‍ മറുപടി പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എയര്‍ക്രാഫ്റ്റ് (ഇന്‍വെസ്റ്റിഗേഷന്‍ ഒഫ് ആക്‌സിഡന്റ് ആന്‍ഡ് ഇന്‍സിഡന്റ്‌സ്) ചട്ടങ്ങള്‍ അനുസരിച്ചും ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ അനക്‌സ് 13 അനുസരിച്ചുമാണ് അന്വേഷണം നടക്കുന്നത്. ഭാവിയില്‍ ഇത്തരം അപകടം ഒഴിവാക്കുക എന്നതാണ് അന്വേഷണത്തിന്റെ മുഖ്യ ലക്ഷ്യം. അതുകൊണ്ട് സമഗ്രമായ അന്വേഷണമാവും നടക്കുക- ഹാന്‍ഡ പറഞ്ഞു.

അപകടത്തില്‍ പെട്ട വിമാനത്തിന്റെ ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡേറ്റ റെക്കോഡറും കോക്പിറ്റ് വോയിസ് റെക്കോഡറും കണ്ടെടുത്തിട്ടുണ്ട്. ഇവയുടെ പരിശോധന നടക്കുകയാണ്. ഈ ഘട്ടത്തില്‍ അന്വേഷണത്തിന്റെ കാരണത്തെക്കുറിച്ച് പറയുന്നത് അപക്വവും അനുചിതവുമാവും. അന്വേഷണത്തിന് വിദേശ ഏജന്‍സിയുടെ സഹായം തേടുമോയെന്ന ചോദ്യത്തിന്, വേണ്ടിവന്നാല്‍ അത്തരം സഹായം തേടുമെന്ന് ഹാന്‍ഡ മറുപടി നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com