മാസ്ക് ധരിക്കാതെ യാത്ര, തടഞ്ഞ വനിതാ പൊലീസുമായി 'കൊമ്പുകോർത്ത്' ജഡേജയും ഭാര്യയും; വിവാദം

മാസ്ക് ധരിക്കാതെ യാത്ര ചെയ്തതിന് പിഴയൊടുക്കാൻ ഉദ്യോ​ഗസ്ഥ നിർദ്ദേശിച്ചതാണ് ജഡേജയെയും ഭാര്യയെയും ചൊടിപ്പിച്ചത്
മാസ്ക് ധരിക്കാതെ യാത്ര, തടഞ്ഞ വനിതാ പൊലീസുമായി 'കൊമ്പുകോർത്ത്' ജഡേജയും ഭാര്യയും; വിവാദം

രാജ്കോട്ട്: മാസ്ക് ധരിക്കാതെ യാത്ര നടത്തിയത് ചോദ്യം ചെയ്തതിന്റെ പേരിൽ വനിതാ പൊലീസ് കോൺസ്റ്റബിളുമായി നടുറോഡിൽ വാഗ്വാദത്തിൽ ഏർപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. താരവും ഭാര്യ റിവാബയും കാറിൽ സഞ്ചരിക്കവെ ഗുജറാത്തിലെ കിസാൻപര ചൗക്കിൽ വച്ച് ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം.  മഹില പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്‌റ്റബിളായ സോനൽ ഗോസായിയാണ് ജഡേജയുടെ കാർ പരിശോധനയ്ക്കായി തടഞ്ഞത്.

മാസ്ക് ധരിക്കാതെ യാത്ര ചെയ്തതിന് പിഴയൊടുക്കാൻ ഉദ്യോ​ഗസ്ഥ നിർദ്ദേശിച്ചതാണ് ജഡേജയെയും ഭാര്യയെയും ചൊടിപ്പിച്ചത്.  തുടർന്ന് റിവാബയും പൊലീസ് ഉദ്യോഗസ്ഥയും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് വനിതാ കോൺസ്റ്റബിൾ മോശമായി പെരുമാറിയെന്ന് പരാതിപ്പെട്ട് ജഡേജയും ഭാര്യയും മേലുദ്യോഗസ്ഥരെ സമീപിച്ചതായി റിപ്പോർട്ടുണ്ട്.

ജഡേജ മാസ്‌ക് ധരിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായെന്ന് രാജ്കോട്ട് ഡപ്യൂട്ടി കമ്മിഷണർ മനോഹർസിങ് പറഞ്ഞു. അതേസമയം അദ്ദേഹത്തിന്റെ ഭാര്യ മാസ്‌ക് ധരിച്ചിരുന്നോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അത് അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം സംഭവത്തിന് പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട വനിത ഹെഡ് കോൺസ്റ്റബിളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ത സമ്മർദ്ദം ഉയർന്നതിനെ തുടർന്ന് ഇവർ രാജ്കോട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com