വ്യാജഏറ്റുമുട്ടലില്‍ കൊല്ലപ്പെടാന്‍ ആഗ്രഹമില്ല, ജീവനൊടുക്കുന്നതായി പീഡനക്കേസ് പ്രതിയുടെ കുറിപ്പ് ; കേസ് വഴിതെറ്റിക്കാനുള്ള ശ്രമമെന്ന് പൊലീസ്, തിരച്ചില്‍

വസ്ത്രങ്ങള്‍, ഐഡന്റിറ്റി കാര്‍ഡ് തുടങ്ങിയവയും ആത്മഹത്യാക്കുറിപ്പിനൊപ്പം കണ്ടെടുത്തു
പ്രതിയുടെ രേഖാചിത്രം
പ്രതിയുടെ രേഖാചിത്രം

ലഖ്‌നൗ : പൊലീസിന്റെ പിടിയിലായാല്‍ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്ന് ഭയമെന്ന് ബലാല്‍സംഗക്കേസ് പ്രതി. ഇയാളുടെ ആത്മഹത്യാക്കുറിപ്പിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ ആറുവയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി ദല്‍പത് സിങിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചു. 

അംറോഹ ജില്ലയിലെ മെഹമൂദ്പൂര്‍ ഗ്രാമത്തില്‍ നിന്നാണ് ദല്‍പത് സിങിന്റെ കുറിപ്പ് കണ്ടെടുത്തത്. ഇയാളുടെ വസ്ത്രങ്ങള്‍, ഐഡന്റിറ്റി കാര്‍ഡ് തുടങ്ങിയവയും ആത്മഹത്യാക്കുറിപ്പിനൊപ്പം കണ്ടെടുത്തു. ഇതോടെ പ്രതിക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. 

പൊലീസിന്റെ പിടിയിലായാല്‍ വ്യാജ ഏറ്റുമുട്ടലുണ്ടാക്കി കൊലപ്പെടുത്തുമെന്ന് ഉറപ്പാണ്. അത്തരമൊരു മരണം ആഗ്രഹിക്കുന്നില്ല. അതിനാല്‍ സ്വന്തം നിലയില്‍ ജീവനൊടുക്കുന്നു. എന്റെ മക്കളെ ഉപദ്രവിക്കരുത്. ആത്മഹത്യാക്കുറിപ്പില്‍ ദല്‍പത് സിങ് കുറിച്ചു. 

എന്നാല്‍ ആത്മഹത്യാക്കുറിപ്പ് കേസന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതിയെയോ, അയാളുടെ മൃതദേഹമോ കണ്ടെത്തും വരെ ഈ കുറിപ്പ് വിസ്വാസത്തിലെടുക്കില്ല. മാത്രമല്ല, കുറിപ്പ് അയാളുടെ തന്നെയാണോ എന്ന് ഉറപ്പാക്കാന്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. 

പ്രതിക്കായി പൊലീസ് അന്വേഷണം ശക്തമാക്കുകയും, പ്രതിയെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് അരലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചതിനും പിന്നാലെയാണ് ആത്മഹത്യാക്കുറിപ്പ് ലഭിക്കുന്നത്. പ്രതിയുടെ മൂന്ന് രേഖാചിത്രങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് ആറിനാണ് വീടിന് വെളിയില്‍ കളിച്ചുകൊണ്ടിരുന്ന ബാലികയെ തട്ടിക്കൊണ്ടുപോയി പ്രതി ക്രൂരമായി പീഡിപ്പിച്ചത്. 

പീഡനത്തിന് ശേഷം കുട്ടിയെ വനത്തില്‍ ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു. ബാലിക അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. പിന്നീട് പ്രതി ഒളിച്ചിരിക്കുന്ന വിവരം നാട്ടുകാര്‍ പൊലീസിനെ അറിയിച്ചു. എന്നാല്‍ പൊലീസ് എത്തുന്നതിന് മുമ്പ് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com