മൃതദേഹം സൈക്കിളില്‍ കെട്ടിവെച്ച് ശ്മശാനത്തിലേക്ക് ; കോവിഡ് ഭീതി മൂലം സഹായത്തിനെത്താതെ ആരോഗ്യവകുപ്പും നാട്ടുകാരും, രൂക്ഷവിമര്‍ശനം ( വീഡിയോ) 

മൃതദേഹം സൈക്കിളില്‍ കെട്ടിവെച്ച് ശ്മശാനത്തിലേക്ക് ; കോവിഡ് ഭീതി മൂലം സഹായത്തിനെത്താതെ ആരോഗ്യവകുപ്പും നാട്ടുകാരും, രൂക്ഷവിമര്‍ശനം ( വീഡിയോ) 

മൃതദേഹം സംസ്‌കരിക്കുന്നതിന് ശ്മശാനത്തിലെത്തിക്കുന്നതിന് ആംബുലന്‍സ് സഹായം തേടി എമര്‍ജന്‍സി നമ്പറില്‍ വിളിച്ചെങ്കിലും സഹായം ലഭിച്ചില്ല

ബംഗലൂരു : കോവിഡ് ഭീതിയെത്തുടര്‍ന്ന് ആരും സഹായത്തിന് എത്താതിരുന്നതിനാല്‍, 70 കാരന്റെ മൃതദേഹം വീട്ടുകാര്‍ സൈക്കിളില്‍ കെട്ടിവെച്ച് ശ്മശാനത്തിലെത്തിച്ചു. കര്‍ണാടകയിലെ ബെലഗാവി ജില്ലയിലാണ് സംഭവം. കനത്ത മഴയെയും അവഗണിച്ചാണ് വീട്ടുകാര്‍ മൃതദേഹവും കൊണ്ടുപോയത്. 

രണ്ടുദിവസം മുമ്പ് കടുത്ത പനിയെത്തുടര്‍ന്ന് 70കാരന് ചികില്‍സ സൗകര്യം തേടി വീട്ടുകാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാല്‍ കോവിഡ് ഭീതിയെത്തുടര്‍ന്ന് ഏതെങ്കിലും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാനായിരുന്നു നിര്‍ദേശം. 

വീട്ടുകാര്‍ ഇതിന് തയ്യാറെടുക്കുന്നതിനിടെ ഇയാള്‍ മരിച്ചു. തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കുന്നതിന് ശ്മശാനത്തിലെത്തിക്കുന്നതിന് ആംബുലന്‍സ് സഹായം തേടി എമര്‍ജന്‍സി നമ്പറില്‍ വിളിച്ചെങ്കിലും സഹായം ലഭിച്ചില്ല. കോവിഡ് ഭീതി മൂലം അയല്‍ക്കാരും സഹായത്തിന് എത്തിയില്ല. 

ഇതേത്തുടര്‍ന്നാണ് വീട്ടുകാര്‍ മൃതദേഹം സൈക്കിളില്‍ വെച്ചുകെട്ടി ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ, കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ രംഗത്തെത്തി. 

എവിടെയാണ് നിങ്ങളുടെ സര്‍ക്കാരെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പയോട് ഡി കെ ശിവകുമാര്‍ ചോദിച്ചു. എന്തുകൊണ്ട് ഒരു ആംബുലന്‍സ് പോലും ആ കുടുംബത്തിന് നല്‍കിയില്ല. സര്‍ക്കാരിന് മനുഷ്യത്വം നഷ്ടമായി. മഹാമാരി പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ ദയനീയ പരാജയമാണെന്നും ശിവകുമാര്‍ ട്വിറ്ററില്‍ കുറിച്ചു. മൃതദേഹവുമായി കുടുംബം പോകുന്ന വീഡിയോ സഹിതമായിട്ടായിരുന്നു ശിവകുമാറിന്റെ ട്വീറ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com