ബിഹാറില്‍ മഹാസഖ്യത്തിന് തിരിച്ചടി ; മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച മുന്നണി വിട്ടു

കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ജിതന്‍ റാം മാഞ്ചി ആരോപിച്ചു
ബിഹാറില്‍ മഹാസഖ്യത്തിന് തിരിച്ചടി ; മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച മുന്നണി വിട്ടു

പാട്‌ന : ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ബിജെപി മുന്നണിക്കെതിരായി രൂപീകരിച്ച മഹാസഖ്യത്തിന് തിരിച്ചടി. മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച ( സെക്കുലര്‍) മഹാസഖ്യം വിട്ടു. മഹാഗഡ്ബന്ധനുമായുള്ള സഖ്യം അവസാനിപ്പിക്കുന്നതായി പാര്‍ട്ടി അധ്യക്ഷന്‍ ജിതന്‍ റാം മാഞ്ചിയാണ് പ്രഖ്യാപിച്ചത്. 

പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷമാണ് മാഞ്ചി തീരുമാനം പ്രഖ്യാപിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വീതംവെപ്പുമായി ബന്ധപ്പെട്ട് അസംതൃപ്തിയിലായിരുന്നു മാഞ്ചി. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. 

തുടര്‍ന്ന് സീറ്റ് വീതംവെക്കുന്നത് ചര്‍ച്ച ചെയ്യാനായി കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് രാഹുല്‍ഗാന്ധി മാഞ്ചിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ജിതന്‍ റാം മാഞ്ചി ആരോപിച്ചു. ആര്‍ജെഡിയും കോണ്‍ഗ്രസുമാണ് മഹാസഖ്യത്തിലെ പ്രധാനപാര്‍ട്ടികള്‍.

ജിതന്‍ റാം മാഞ്ചി ബിജെപി മുന്നണിയില്‍ ചേക്കേറിയേക്കുമെന്നാണ് സൂചന. ബീഹാറില്‍ നവംബര്‍ 29 ന് നിയമസഭയുടെ കാലാവധി അവസാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ് രോഗവ്യാപനവും പ്രളയക്കെടുതിയുമാണ് തെരഞ്ഞെടുപ്പ് നടപടികളെ അനിശ്ചിതത്വത്തിലാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com