പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കിഡ്‌നാപ്പ് സംഘത്തില്‍ നിന്നും 16 കാരിയെ രക്ഷപ്പെടുത്തി ; പ്രതിയുടെ പേര് പറയുന്നതിന് തൊട്ടുമുമ്പ് സ്റ്റേഷനില്‍ നിന്നും പെണ്‍കുട്ടി 'അപ്രത്യക്ഷമായി' ; ദുരൂഹത

പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

ആഗ്ര : തട്ടിക്കൊണ്ടുപോയവരില്‍ നിന്നും രക്ഷപ്പെടുത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൊഴി രേഖപ്പെടുത്തുന്നതിനിടെ പൊലീസ് സ്റ്റേഷനില്‍ നിന്നും അപ്രത്യക്ഷമായി. രക്ഷപ്പെടുത്തി മണിക്കൂറുകള്‍ക്കകമായിരുന്നു തിരോധാനം. ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. 

തട്ടിക്കൊണ്ടുപോയവരില്‍ നിന്നും രക്ഷപ്പെടുത്തിയ 16 കാരിയെ അവാര്‍ഗാഹ് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നു. തുടര്‍ന്ന് പെണ്‍കുട്ടിയില്‍ നിന്നും മൊഴി രേഖപ്പെടുത്തുന്നതിനിടെയാണ് ദുരൂഹമായ അപ്രത്യക്ഷമാകല്‍. പ്രതിയുടെ പേര് വെളിപ്പെടുത്തുന്നതിന് തൊട്ടുമുമ്പാണ് കുട്ടിയെ കാണാതായത്. 

പെണ്‍കുട്ടിയുടെ തിരോധാനത്തിന് പിന്നില്‍ പൊലീസുകാര്‍ക്ക് പങ്കുണ്ടെന്നാണ് കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്. ചോദ്യം ചെയ്യലിനായി സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയ, കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ അമ്മാവനെ സംശയകരമായ രീതിയില്‍ മോചിപ്പിച്ചതും ഇതിന് തെളിവാണെന്ന് കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞു. 

സംഭവം വിവാദമായതോടെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബല്യാണ്‍, കോണ്‍സ്റ്റബിള്‍ അനുരാധ, ദേവരാജ് എന്നിവരെ ഇറ്റാ ജില്ലാ പൊലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു. പെണ്‍കുട്ടിയെ കണ്ടെത്താന്‍ അഡീഷണല്‍ എസ്പിയുടെ നേതൃത്വത്തില്‍ അഞ്ച് ടീമിനെയും നിയോഗിച്ചിട്ടുണ്ട്. 

ഓഗസ്റ്റ് 14 നാണ് 16 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. ലവ്കുശ് എന്നയാളാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്. മൂന്നുദിവസത്തിന് ശേഷം പെണ്‍കുട്ടിയെ കിഡ്‌നാപ്പറുടെ പിടിയില്‍ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ വന്‍സംഘം ഉണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കോണ്‍സ്റ്റബിള്‍ അനുരാധയെ ടോയ്‌ലറ്റില്‍ പൂട്ടിയിട്ടശേഷം പെണ്‍കുട്ടി ഓടിപ്പോകുകയായിരുന്നു എന്നാണ് സ്റ്റേഷനിലെ പൊലീസുകാര്‍ പറഞ്ഞത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com