കരുത്തുറ്റ തീരുമാനം; നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്തുന്നതില്‍ കേന്ദ്രത്തെ പിന്തുണച്ച് വിദ്യാഭ്യാസ വിദഗ്ധര്‍; 150 ലേറേ പേര്‍ ഒപ്പിട്ട കത്ത് പ്രധാനമന്ത്രിക്ക്

നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് മോദിയ്ക്ക് കത്തയച്ച് വിദ്യാഭ്യാസ വിദഗ്ധര്‍
കരുത്തുറ്റ തീരുമാനം; നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്തുന്നതില്‍ കേന്ദ്രത്തെ പിന്തുണച്ച് വിദ്യാഭ്യാസ വിദഗ്ധര്‍; 150 ലേറേ പേര്‍ ഒപ്പിട്ട കത്ത് പ്രധാനമന്ത്രിക്ക്

ന്യൂഡല്‍ഹി:  നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ച് വിദ്യാഭ്യാസ വിദഗ്ധര്‍. ഡല്‍ഹി, ജെഎന്‍യു, കാലിഫോര്‍ണിയ, കാസര്‍കോട് കേന്ദ്രസര്‍വകലാശാല തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധരാണ് കത്തയച്ചത്. വിദ്യാര്‍ത്ഥികളുടെ ഭാവി മുന്നില്‍ കണ്ടുള്ള കരുത്തുറ്റ തീരുമാനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും കത്തില്‍ പറയുന്നു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യം വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ പരീക്ഷകള്‍ മാറ്റിവക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 

വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് രാജ്യത്തിന്റെ ഭാവിയെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നു. കോവിഡിന്റെ പശ്ചാത്തലം അവരുടെ കരിയറിലും അനിശ്ചിതത്വം ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അവരുടെ ആശങ്കകള്‍ പരിഹരിക്കണം.  ഈ വര്‍ഷവും ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ പാസായത്. അവര്‍ അടുത്ത ക്ലാസിലേക്കുള്ള പ്രവേശനനടപടികള്‍ക്ക് കാത്തിരിക്കുകയാണ്. 

ജെഇഇ, നീറ്റ് പരീക്ഷകള്‍ നടത്തുന്നതില്‍ കാലതാമസം വന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് വിലയേറിയ സമയം നഷ്ടമാകും. നമ്മുടെ യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും സ്വപ്നങ്ങളുയെും ഭാവിയുടെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. ചിലര്‍ സ്വന്തം രാഷ്ട്രീയ നേട്ടത്തിനും സര്‍ക്കാരിനെ എതിര്‍ക്കുന്നതിനുമായി വിദ്യാര്‍ഥികളുടെ ഭാവിവെച്ച് പന്താടാനാണ് ശ്രമിക്കുന്നത്. പരീക്ഷ നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ധീരമാണെന്നും താങ്കളുടെ കഴിവുറ്റ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെ ഭാവി ശ്രദ്ധയോടെ കാണുന്നുണ്ടെന്നും വിദ്യഭ്യാസ വിദഗ്ധര്‍ കത്തില്‍ പറയുന്നു. 

പരീക്ഷകള്‍ മാറ്റിവച്ചാല്‍ അക്കാദമിക് വര്‍ഷം നഷ്ടമാകുമെന്നും അത് വിദ്യാര്‍ഥികള്‍ക്ക് ദോഷകരമാകുമെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. സെപ്റ്റംബറില്‍ പരീക്ഷ നടന്നില്ലെങ്കില്‍ പ്രവേശനം അടുത്ത വര്‍ഷമേ പൂര്‍ത്തിയാക്കാനാകൂവെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി. തുടര്‍ന്നുള്ള ബാച്ചുകളെയും ബാധിക്കും. കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്ക് അഡ്മിറ്റ് കാര്‍ഡ് യാത്രാ പാസാക്കാമെന്നും അമിത് ഖരേ അറിയിച്ചു.

അക്കാദമിക് വര്‍ഷത്തെ ബാധിക്കുന്നതിനാല്‍ പരീക്ഷ മാറ്റാനാകില്ലെന്നാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വാദം. ഇതില്‍ പ്രതിഷേധിച്ച് വിദ്്യാര്‍ഥികള്‍ ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കും. പരീക്ഷകള്‍ മാറ്റിവക്കണമെന്ന ആവശ്യവുമായി കൂടുതല്‍ സംസ്ഥാനങ്ങളും രംഗത്തെത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com