കോടതിയലക്ഷ്യ കേസ്: പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴയിട്ട് സുപ്രീംകോടതി 

കോടതിയലക്ഷ്യ കേസില്‍ മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ് ശിക്ഷയായി ഒരു രൂപ പിഴ വിധിച്ച് സുപ്രീംകോടതി
കോടതിയലക്ഷ്യ കേസ്: പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴയിട്ട് സുപ്രീംകോടതി 

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ് ശിക്ഷയായി ഒരു രൂപ പിഴ വിധിച്ച് സുപ്രീംകോടതി. സെപ്റ്റംബര്‍ 15നകം പിഴയൊടുക്കിയില്ലെങ്കില്‍ മൂന്ന് മാസത്തെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെ വിധി പ്രസ്താവത്തില്‍ പറയുന്നു. ഇക്കാലത്ത് അഭിഭാഷക ജോലിയില്‍ നിന്ന് വിലക്കുമെന്നും കോടതി വിധി വ്യക്തമാക്കുന്നു.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെക്കെതിരെ നടത്തിയ ട്വിറ്റര്‍ പരാമര്‍ശത്തിന്റെ പേരിലാണ് പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസ്.
ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ നാഗ്പുരില്‍വെച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രത്തെക്കുറിച്ചും കഴിഞ്ഞ ആറുവര്‍ഷത്തെ നാല് ചീഫ് ജസ്റ്റിസുമാരെക്കുറിച്ചുമായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റുകള്‍. ആരോപണങ്ങള്‍ വസ്തുതാപരമായി ശരിയല്ലെന്ന് കണ്ടെത്തിയ സുപ്രീംകോടതി പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണ് എന്ന് വിധിക്കുകയായിരുന്നു.

വിധിയിന്മേലുളള വാദത്തിനിടെ മാപ്പ് പറയുന്നതിന് മൂന്ന് ദിവസത്തെ സമയം നേരത്തെ പ്രശാന്ത് ഭൂഷണ് കോടതി നല്‍കി. എന്നാല്‍ ട്വീറ്റ് പിന്‍വലിക്കാനോ മാപ്പ് പറയാനോ അദ്ദേഹം തയ്യാറായില്ല. ആരുടേയെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങിയുള്ള ക്ഷാമപണം ആത്മര്‍ത്ഥത ഇല്ലാത്തതാകുമെന്നും ട്വീറ്റില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിക്കുകയുണ്ടായി.

ശിക്ഷ വിധിക്കുന്നതില്‍ മുന്‍ കാലങ്ങളില്‍ ജഡ്ജിമാര്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ നല്‍കിയ പ്രസ്താവനകളെ പരിഗണിക്കേണ്ടതില്ല എന്ന് ബെഞ്ച് നിരീക്ഷിച്ചു. അത് അപ്രസക്തമാണ്. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ സുപ്രീംകോടതി ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തിയ കാര്യം വാദത്തിനിടെ ഉയര്‍ന്നുവന്നിരുന്നു. ഇക്കാര്യം ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു നിരീക്ഷണം. ജഡ്ജിമാര്‍ വരെ ജുഡീഷ്യറിയുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ പ്രശാന്ത് ഭൂഷണ് എതിരെ നടപടി ആവശ്യമില്ല എന്നാണ് അഭിഭാഷകരില്‍ ചിലര്‍ കോടതിയില്‍ വാദിച്ചത്.  ഇതിന് മറുപടിയായി ജഡ്ജിമാര്‍ മാധ്യമങ്ങളെ കാണേണ്ടതില്ല എന്നും അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. 

വാദത്തിനിടെ കോടതിയില്‍ നടന്ന കാര്യങ്ങള്‍ പ്രശാന്ത് ഭൂഷണ്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വിവരിച്ചതിനെ കോടതി വിമര്‍ശിച്ചു. കോടതിയെ സ്വാധീനിക്കാനുളള പ്രശാന്ത് ഭൂഷണിന്റെ ശ്രമമായാണ് കോടതി ഇതിനെ വിലയിരുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com